വരുന്ന മൂന്ന് ദിവസം ബക്രീദ് ഇളവ്: കേരളത്തിൽ കർശന നിയന്ത്രണങ്ങൾ
Bakreed exemption for next three days: Strict restrictions in Kerala
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് കേരളത്തിൽ വരുന്ന മൂന്ന് ദിവസം ലോക്ക് ഡൗണിൽ ഇളവ്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതൽ കര്‍ശനമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാരാന്ത്യ ലോക്ക് ഡൗണിൽ ഇളവ് നല്‍കി കടകള്‍ തുറക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ടമുണ്ടാകാൻ പാടില്ലെന്ന നിലപാടിലാണ് പോലീസ്.
അതേസമയം, സംസ്ഥാന സര്‍ക്കാരിൻ്റെ ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് പ്രതിപക്ഷവും ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളും ആരോപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കും. ഇന്നു വൈകിട്ട് മൂന്നരയ്ക്ക് ചേരുന്ന അവലോകന യോഗത്തിലായിരിക്കും ഇക്കാര്യങ്ങള്‍ പരിശോധിക്കുക. കടകള്‍ തുറക്കാൻ കൂടുതൽ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യവും സര്‍ക്കാര്‍ ഇന്നു ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനു മുകളിൽ തുടരുന്നതാണ് പ്രധാന പ്രതിസന്ധി. എന്നാൽ ശനി, ഞായര്‍ ദിവസങ്ങളിൽ പൂര്‍ണമായി അടച്ചിടുന്ന സാഹചര്യത്തിൽ തിങ്കള്‍, വെള്ളി ദിവസങ്ങളിൽ വലിയ തിരക്കാണുണ്ടാകുന്നതെന്നും ഇത് രോഗബാധ വര്‍ധിക്കാൻ ഇടയാക്കുമെന്നുമാണ് വിമര്‍ശനം. വരുന്ന മൂന്ന് ദിവസവും ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
രാത്രി എട്ടുമണി വരെ കടകള്‍ തുറക്കാൻ അനുമതി നല്‍കിയേക്കുമന്നു റിപ്പോര്‍ട്ടുകളുണ്ട്. രോഗികളുടെ എണ്ണവും ടിപിആറും കൂടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങള്‍ തുടരാനും മറ്റു പ്രദേശങ്ങളിൽ ഇളവുകള്‍ നല്‍കാനും സാധ്യതയുണ്ട്. മാളുകള്‍ക്കും കൂടുതൽ ഇളവുകളുണ്ടാകും. ടിപിആര്‍ മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന വിമര്‍ശനവും സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കും.
അതേസമയം, മൂന്നാം തരംഗം വന്നേക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ജാഗ്രത തുടരാനാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാൽ ഓണക്കാലം അടുത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകള്‍ നല്‍കാൻ സര്‍ക്കാരിനു മുന്നിൽ വ്യാപാരികളുടെ സമ്മര്‍ദ്ദമുണ്ട്. നിലവിലെ സാഹചര്യത്തിൽ വലിയ തോതിലുള്ള ഇളവുകള്‍ക്ക് സര്‍ക്കാര്‍ തയ്യാറായേക്കില്ല എന്നാണ് വിലയിരുത്തൽ.