ആയുർവേദ ശസ്ത്രക്രിയ: ആരോഗ്യസംവിധാനം തകര്‍ക്കരുത്; ഐഎംഎ
Ayurvedic surgery: Do not break the health system; IMA
ന്യൂഡൽഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയകള്‍ നടത്താനുള്ള അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഐഎംഎ നടത്തുന്ന സമരത്തിൽ രാജ്യമെമ്പാടും ഒപി സേവനങ്ങള്‍ തടസ്സപ്പെട്ടു. മോഡേൺ മെഡിസിൻ്റെ ഭാഗമായ സര്‍ജറികള്‍ ഉള്‍പ്പെടെ നടത്താൻ ആയുഷ് ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്രനിയമങ്ങള്‍ പിൻവലിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് കൊവിഡ് ഒഴികെയുള്ള രോഗങ്ങള്‍ക്കുള്ള കൺസള്‍ട്ടിങ് ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചത്.
ആയുര്‍വേദ മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടുന്ന ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള‍് നടത്താനുള്ള അനുമതി രാജ്യത്തെ ആരോഗ്യസംവിധാനത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഐഎംഎ ദേശീയാധ്യക്ഷൻ ഡോ. രാജൻ ശര്‍മ ആരോപിച്ചു. “നിരവധി വര്‍ഷങ്ങളെടുത്താണ് ഒരാള്‍ ഡോക്ടറാകുന്നത്. അവിയൽ ചികിത്സയിലൂടെ നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്. ആരോഗ്യവിഷയയത്തിൽ രാജ്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഒരു പരാജയമാണ്.” ഡോ. ശര്‍മ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഐഎംഎ ഏതെങ്കിലും ചികിത്സാരീതിയ്ക്കെതിരല്ലെന്ന് അത്തേഹം പറഞ്ഞു. എന്നാൽ ചികിത്സാധാരകള്‍ കൂട്ടിക്കുഴയ്ക്കുന്നതിനെ എതിര്‍ക്കും. “ആയുര്‍വേദമാകട്ടെ, യുനാനിയാകട്ടെ ഹോമിയോപ്പതിയാകട്ടെ, ഞങ്ങള്‍ ഏതെങ്കിലും പതിയ്ക്കെതിരല്ല. നമ്മുടെ രാജ്യത്തിൻ്റെ പാരമ്പര്യത്തിലും സമ്പത്തിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പക്ഷെ അവ മോഡേൺ മെഡിസിനൊപ്പം നിന്നു കൊള്ളട്ടെ. ഇവ തമ്മിൽ കലര്‍ത്തരുത് എന്നാണ് ഞങ്ങളുടെ ആവശ്യം. ശുദ്ധമായ ആയുര്‍വേദത്തിൻ്റെ അന്ത്യം കൂടിയായിരിക്കും അത്.” അദ്ദേഹം വ്യക്തമാക്കി.
മരുന്നുകള്‍ നിയന്ത്രിക്കുകയും വീണ്ടും നയന്ത്രിക്കുകയും ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത് 200 ലധികം വര്‍ഷമെടുത്താണ് മോഡേൺ മെഡിസിൻ നിലവിലെ സാഹചര്യത്തിലെത്തിയതെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിൻ്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്ന് രാജ്യമെമ്പാടും കറുത്ത റിബൺ ധരിച്ചാണ് ഡ്യൂട്ടിയ്ക്ക് എത്തിയത്. സര്‍ക്കാര്‍ നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.