India

ആയുർവേദ ഡോക്ടർമാരും ശസ്ത്രക്രിയ ചെയ്യും; ഐഎംഎ പ്രതിഷേധസമരം ആരംഭിച്ചു

Ayurvedic doctors will also perform surgery; The IMA launched a protest

ന്യൂഡൽഹി: അംഗീകൃത ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ നടത്താൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിൽ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന പ്രതിഷേധസമരം ആരംഭിച്ചു. ആയുര്‍വേദ ഡോക്ടര്‍മാരെ സര്‍ജറി നടത്താൻ പരിശീലിപ്പിക്കാനായി പ്രത്യേക ബിരുദാനന്തര ബിരുദ കോഴ്‍സുകള്‍ ആരംഭിക്കാനുള്ള നീക്കം വിവാദമായതിനു പിന്നാലെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമരത്തിലേയ്ക്ക് കടക്കുന്നത്. അത്യാഹിത വിഭാഗത്തെയും കൊവിഡ് ചികിത്സയെയും ഒഴിവാക്കിക്കൊണ്ടാണ് സമരം.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളെയും സമരം ബാധിക്കും. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് സമരം. സമരത്തിൻ്റെ ഭാഗമായി ഒപികള്‍ പ്രവര്‍ത്തിക്കില്ല. അടിയന്തര ആവശ്യത്തിനുള്ളതല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും ബഹിഷ്കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അത്യാഹിത വിഭാഗത്തിൽ ഡോക്ടര്‍മാര്‍ ജോലി ചെയ്യുമെന്നും കിടത്തി ചികിത്സയെ ബാധിക്കില്ലെന്നും ഐഎംഎ അറിയിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ കൊവിഡ് പ്രത്യേക ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ഡൽഹി എയിംസ് ഉള്‍പ്പെടെയുള്ള ആശുപത്രികളിൽ ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ച ശേഷമായിരിക്കും ജോലിയ്ക്കെത്തുക.

ശസ്ത്രക്രിയകള്‍ ചെയ്യാൻ അനുവദിക്കണമെന്ന ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘകാലത്തെ ആവശ്യം മുൻനിര്‍ത്തിയാണ് അനുമതി നല്‍കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നീ പ്രത്യേക കോഴ്സുകള്‍ പ്രഖ്യാപിച്ച ആയുഷ് മന്ത്രാലയം ഈ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നല്‍കുമെന്ന് വ്യക്തമാക്കുകയായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് 58 ശസ്ത്രക്രികകൾ ചെയ്യാനാണ് അനുമതി. എന്നാൽ ആയുഷ് മന്ത്രാലയത്തിൻ്റെ തീരുമാനം അശാസ്ത്രീയമാണെന്നാണ് ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാദം.

ആയുര്‍വേദത്തിൽ ശസ്ത്രക്രിയകള്‍ക്ക് പരിശീലനം നല്‍കാൻ യോഗ്യതയുള്ളവര്‍ ഇല്ലാത്തതിനാൽ ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണമെന്നാണ് കേന്ദ്രനിര്‍ദേശം. എന്നാൽ ഇതിനു തയ്യാറല്ലെന്നാണ് ഐഎംഎ അറിയിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധത്തിലേയ്ക്ക് കടക്കുമെന്നും ഐഎംഎ അറിയിച്ചിട്ടുണ്ട്.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പ്രസവ ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കാനുള്ള കേന്ദ്രതീരുമാനത്തെ മുൻപ് ഐഎംഎ എതിര്‍ത്തിരുന്നു. ഇതു സംബന്ധിച്ച കേസും കോടതി പരിഗണിക്കുന്നുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button