Kerala

ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ ചെയ്യാം; കെകെ ശൈലജ

Ayurvedic doctors can also perform surgery; KK Shailaja

തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ നടത്താൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ഐഎംഎ നടത്തുന്ന സമരത്തെ എതിര്‍ത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താമെന്നും വേണ്ടത്ര പരിശീലനം നല്‍കിയാൽ മതിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറികള്‍ നടത്താൻ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതിയെ അനുകൂലിച്ചു കൊണ്ടായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വാക്കുകള്‍. എന്നാൽ മുന്നൊരുക്കമില്ലാതെ ഇക്കാര്യം നടപ്പിലാക്കരുതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പണി മുടക്കിക്കൊണ്ടുള്ള സമരത്തോട് സര്‍ക്കാരിന് എതിര്‍പ്പാണെന്നും സമരം കാരണം ഒരു ജീവൻ പോലും നഷ്ടമാകരുതെന്നും മന്ത്രി വ്യക്തമാക്കി.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് വിവിധ വകുപ്പുകളിലെ ശസ്ത്രക്രിയകള്‍ നടത്താനായി രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകള്‍ നടപ്പിലാക്കാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ്റെ പദ്ധതി. സര്‍ജറികള്‍ നടത്താനുള്ള പലിശീലനം നല്‍കാൻ നിലവിൽ യോഗ്യതയുള്ളവര്‍ ലഭ്യമല്ലാത്തതിനാൽ മോഡേൺ മെഡിസിൻ ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പരിശീലനം നല്‍കണമെന്നും ആയുഷ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അവിയൽ ചികിത്സ രാജ്യത്തെ ആരോഗ്യരംഗത്തിന് ദോഷം ചെയ്യുമെന്നും വിവിധ ചികിത്സാധാരകള്‍ തമ്മിൽ കൂട്ടിക്കലര്‍ത്താനുള്ള നീക്കം അനുവദിക്കില്ലെന്നുമാണ് മോഡേൺ മെഡിസിൻ പ്രൊഫഷണലുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്ക് വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button