ഭക്തിയിലാറാടി അയോധ്യ; ശ്രീ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങുകൾക്ക് തുടക്കമായി
Ayodhya in devotion; Shri Ram Temple Bhoomi Pooja begins
ശ്രീരാമജന്മഭൂമിയില്‍ ‘രാം ലല്ല’ ക്ഷേത്രനിര്‍മാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചു. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി അല്‍പസമയത്തിനകം ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിക്കും.
അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആദ്യം ഹനുമാന്‍ഗഢി ക്ഷേത്രമാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. അവിടെ വെള്ളി കിരീടം സമര്‍പ്പിച്ച ശേഷം രാംലല്ലയിലെത്തി പ്രാര്‍ഥിച്ചു. തുടര്‍ന്ന് രാമക്ഷേത്രം നിര്‍മിക്കുന്ന ഭൂമിയിലേക്ക് പോകും
ഉച്ചയ്ക്ക് 12.30-ന് നടക്കുന്ന ഭൂമിപൂജയിലും തുടര്‍ന്നുള്ള ശിലാസ്ഥാപനകര്‍മത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശിലയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവന ചെയ്ത ഈ വെള്ളിശില ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.
പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകള്‍ക്ക് നേര്‍സാക്ഷ്യം വഹിക്കുക. ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യു.പി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കേ മോദിക്കൊപ്പം വേദിയില്‍ ഇരിപ്പിടമുണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്.
റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂതീരവും സ്‌നാനഘട്ടുകളും ദീപങ്ങളും വര്‍ണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായിട്ടുണ്ട്. ചുവരുകളിലെല്ലാം കലാകാരന്മാരുടെ രാമകഥാ ചിത്രീകരണം. റോഡരികിലെ കെട്ടിടങ്ങള്‍ക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം ചാര്‍ത്തിയിട്ടുണ്ട്.