സര്‍ക്കാരിനെ മറിച്ചിടാൻ ശ്രമം; കോടതികള്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ കടുത്ത ആരോപണവുമായി ജഗൻ മോഹൻ റെഡി
Attempt to overthrow the government; Jagan Mohan Reddy with strong allegations against the courts and judges
ഹൈദരാബാദ്: കോടതികള്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ കടുത്ത ആരോപണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി രംഗത്ത്. സുപ്രീം കോടതി ജഡ്ജിയായ എൻ വി രമണ്ണയും സംസ്ഥാന ഹൈക്കോടതിയും മുതിര്‍ന്ന ജഡ്ജിമാരും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നതായാണ് ആരോപണം.
തങ്ങളുടെ മുഖ്യ എതിരാളിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരം കാര്യം ചെയ്യുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. സംഭവം ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡെയ്ക്ക് മുഖ്യമന്ത്രി കതയച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ഹൈദരാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. ചീഫ് ജസ്റ്റീസിന് അയച്ച കത്തിൽ ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവ് നിരത്തിയ ജഗൻ മോഹൻ റെഡ്ഡി അന്വേഷണം ആവശ്യപ്പെട്ടു. ജഡ്ജിയായ രമണ ചന്ദ്ര ബാബു നായിഡുവിന്റെ അടുപ്പക്കാരനാണെന്നും ആരോപിക്കുന്നു. സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ ഹൈക്കോടതി സ്വീകരിച്ച പ്രതികൂല നിലപാടുകളും ജുഡീഷ്യൽ ഓഫീസർമാർക്കും അവരുടെ ബന്ധുക്കൾക്കുമെതിരായ കുറ്റങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളും വാര്‍ത്താസമ്മേളനത്തിൽ പുറത്തുവിട്ടു. അതിന്പുറമെ, കത്തിൽ നിർദ്ദിഷ്ട വിധിന്യായങ്ങളുടെ വിശദമായ അനുബന്ധങ്ങളും ആന്ധ്ര ഹൈക്കോടതി ജഡ്ജിമാരെ പേരുകളും കുറിച്ചിരിക്കുന്നു.
ഇതാദ്യമായാണ് ജഗന്‍ മോഹൻ റെഡ്ഡി ഉന്നത നീതിന്യായ വ്യവസ്ഥയ്ക്കെതിരെ ആരോപണവുമായി രംഗത്തുവരുന്നത്. നേരത്തെ പാര്‍ട്ടിയിലെ മറ്റ് നേതാക്കളും മന്ത്രിമാരും സമാനമായി കോടതിക്ക് എതിരെ രംഗത്തുവന്നിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി മൂന്നാം ദിവസമാണ് കത്തെഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.