India

അനൂപ് ബിനീഷിന്റെ ബിനാമി; ബിസിനസ്സുകള്‍ കേരളത്തിലിരുന്ന് നിയന്ത്രിച്ചു

Anoop Bineesh's Benami; Businesses were controlled from Kerala

ബെംഗളുരു: ലഹരിമരുന്ന് കേസ് പ്രതി അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി ബെംഗളുരുവില്‍ നിരവധി ബിസിനസ്സുകള്‍ ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനൂപ് മുഹമ്മദിന്റെ ലഹരിമരുന്ന് ഇപാടുകള്‍ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. അനൂപിനെ കേരളത്തിലിരുന്നുകൊണ്ട് നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും ഇ.ഡി പറയുന്നു.

കഴിഞ്ഞ ദിവസം ഇ.ഡി. അറസ്റ്റ് ചെയ്ത ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലാണ് പാര്‍പ്പിച്ചിരുന്നത്. ഇന്ന് രാവിലെ എട്ടേകാലോടെ ഇ.ഡി.ആസ്ഥാനത്തേക്ക് ബിനീഷിനെ കൊണ്ടുവന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തി ചോദ്യം ചെയ്യാന്‍ തുടങ്ങി.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബിനീഷിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇ.ഡി. കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. അനൂപും ബിനീഷും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് മുമ്പ് അനൂപ് മുഹമ്മദ് ബിനീഷുമായി സംസാരിച്ചിരുന്നു.

ബിനീഷ് സ്ഥിരമായി ബെംഗളുരുവില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ബെംഗളുരുവില്‍ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷായിരുന്നു. സിനിമ-രാഷ്ട്രീയ മേഖലയില്‍ വന്‍ സ്വാധീനമുളളയാളാണ് ബിനീഷ്. വലിയതോതില്‍ പണം കൈമാറിയിട്ടുണ്ട്. അനൂപിന് പണം വന്ന അക്കൗണ്ടുകളെല്ലാം ബിനീഷിന് നേരത്തേ അറിയാവുന്നവരുടേതാണെന്നും ഇ.ഡി.പറഞ്ഞു.

ബിനീഷ് അനൂപിന് വേണ്ടി ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ഈ സാഹചര്യത്തില്‍ ബിനീഷില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. അനൂപ് മുഹമ്മദിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി.കോടതിയില്‍ പറഞ്ഞു.

നാലുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. അവസാനദിവസം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി അനൂപിനെ കസ്റ്റഡിയിലെടുക്കാനുളള നടപടികള്‍ ഇ.ഡി.ആരംഭിച്ചുകഴിഞ്ഞു.

കളളപ്പണം വെളുപ്പിക്കല്‍ നിരോധിത നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്‌. മൂന്നുമുതല്‍ ഏഴുവരെ വര്‍ഷം തടവുലഭിക്കാവുന്നതാണ് കുറ്റകൃത്യം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button