തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (52) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അദ്ദേഹം കൊവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന് മാവേലിക്കരയിലേയും കരുനാഗപ്പള്ളിയിലേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം മരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ലാൽ ജോസിന്റെ അറബിക്കഥ എന്ന സിനിമയ്ക്കുവേണ്ടി രചിച്ച ഗാനങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഇതേ സിനിമയിലെ ചോര വീണ മണ്ണിൽ നിന്നും എന്ന ഗാനത്തിൽ അഭിനയിച്ചതും അനിലാണ്.
ആലപ്പുഴ ജില്ലയിലെ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-നാണ് അനിൽ ജനിച്ചത്. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഭാര്യ: മായ, മൈത്രേയി, അരുൾ എന്നിവരാണ് മക്കൾ.