അമീര്‍ കപ്പ് ഫൈനല്‍ വെള്ളിയാഴ്ച; സ്റ്റേഡിയത്തിലേക്ക് സൗജന്യ യാത്ര
Amir Cup final on Friday; Free ride to the stadium
ദോഹ: ഒക്ടോബര്‍ 22 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്ബോള്‍ മത്സരമായ അമീര്‍ കപ്പ് ഫൈനലിനായി ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയം ഒരുങ്ങി. സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മല്‍സരം കൂടിയായ അമീര്‍ കപ്പ് ഫൈനലിന് പരമാവധി ശേഷിയായ 40,000 പേരെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. നിലവിലെ ചാംപ്യന്മാരായ അല്‍ സദ്ദും അല്‍ റയ്യാനും തമ്മില്‍ ഏറ്റുമുട്ടുന്ന 49-ാമത് അമീര്‍ കപ്പ് ഫൈനല്‍ മല്‍സരം വന്‍ സംഭവമാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഓപറേഷന്‍സ് ഡയരക്ടര്‍ റാശിദ് അല്‍ ഖാത്തിര്‍ അറിയിച്ചു.
ആരാധകര്‍ക്ക് മെട്രോയിലും കര്‍വയിലും സൗജന്യ യാത്ര

സ്വന്തം കാറിലോ ടാക്‌സിയിലോ പൊതുഗതാഗത സംവിധാനങ്ങളിലോ കാണികള്‍ക്ക് സ്‌റ്റേഡിയത്തിലെത്താം. ഫാന്‍ ഐഡുമായി കളികാണാനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് എത്താന്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകര്‍. ദോഹ മെട്രോയുടെ ഫ്രീ സോണ്‍ സ്റ്റേഷനിലേക്കും (റെഡ്‌ലൈന്‍) അവിടെ നിന്ന് സ്റ്റേഡിയത്തിലേക്കും തിരിച്ചുമാണ് സൗജന്യ ഷട്ടില്‍, കര്‍വ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗജന്യ ബസ് സേവനം മത്സരത്തിന് മൂന്നു മണിക്കൂര്‍ മുമ്പ് വൈകിട്ട് നാലു മണി മുതല്‍ ലഭ്യമാവും. മത്സരം കഴിഞ്ഞ ശേഷം ഒന്നര മണിക്കൂര്‍ വരെയും ബസ് സര്‍വീസ് സേവനമുണ്ടാകും.
സ്വന്തം വാഹനത്തില്‍ വരുന്നവര്‍ ശ്രദ്ധിക്കാന്‍

സ്വന്തം വാഹനത്തില്‍ എത്തുന്നവര്‍ സബാഹ് അല്‍ അഹ്മദ് കോറിഡോറിനു നേരേ സഞ്ചരിച്ച് ആദ്യത്തെ എക്‌സിറ്റ് വഴി സൈന്‍ ബോര്‍ഡുകള്‍ പിന്തുടര്‍ന്നാല്‍ നേരെ പാര്‍ക്കിംഗ് സ്ഥലത്തെത്താം. ദോഹ എക്‌സ്പ്രസ് വേ, റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്കുള്ള എക്‌സിറ്റിലെത്തി അവിടെ നിന്ന് യു-ടേണ്‍ എടുത്ത് സൈന്‍ ബോര്‍ഡുകള്‍ പ്രകാരം യാത്ര ചെയ്താണ് പാര്‍ക്കിംഗില്‍ എത്തേണ്ടത്. ടാക്‌സിയില്‍ വരുന്നവര്‍ സ്റ്റേഡിയത്തിന്റെ കിഴക്കു വശത്ത് അല്‍ മദീന സ്ട്രീറ്റില്‍ സജ്ജമാക്കിയ പ്രത്യേക ടാക്‌സി സോണില്‍ ഇറങ്ങി സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. മത്സരം തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് സ്റ്റേഡിയവും നാലു മണിക്കൂര്‍ മുമ്പ് കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളും തുറക്കും. ഖത്തര്‍ ഐഡിയും ഫാന്‍ ഐഡിയും കവാടത്തില്‍ പരിശോധിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവേശനം.
പ്രവേശനം പൂര്‍ണമായി വാക്സിന്‍ എടുത്തവര്‍ക്ക്

പൂര്‍ണമായി വാക്സിന്‍ എടുത്തവര്‍ക്കു മാത്രമായിരിക്കും സ്റ്റേഡിയത്തില്‍ പ്രവേശനം. 12 വയസ്സിന് മുകളിലുള്ളവര്‍ വാക്സിന്‍ സ്വീകരിച്ചുവെന്നതിനുള്ള തെളിവ് കാണിക്കണം. 12 വയസ്സിന് താഴെയുള്ളവര്‍ 24 മണിക്കൂറിനകം എടുത്ത റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സ്റ്റേഡിയത്തിനകത്ത് മുഴുസമയവും മാസ്‌ക്ക് ധരിക്കണം. ഇഹ്തിറാസ് ആപ്പില്‍ പൂര്‍ണമായി വാക്‌സിനെടുത്തതായി കാണിച്ചിരിക്കണം. ഒക്ടോബര്‍ ഏഴിനു മുമ്പ് രണ്ടാം ഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 2021 ഒക്ടോബര്‍ 22ന് കോവിഡ് വന്ന് ഭേദമായി ഒരു വര്‍ഷം പൂര്‍ത്തിയാകാത്തവര്‍ക്കും പ്രവേശനം ലഭിക്കും.
പ്രവേശനത്തിന് ഫാന്‍ ഐഡി നിര്‍ബന്ധം

49-ാമത് അമീര്‍ കപ്പ് ഫൈനല്‍ മല്‍സരം കാണുന്നതിന് ടിക്കറ്റ് എടുത്ത കാണികള്‍ക്ക് ഫാന്‍ ഐഡി ഉണ്ടെങ്കില്‍ മാത്രമേ സൗജന്യ യാത്രയും സ്റ്റേഡിയത്തില്‍ പ്രവേശനവും അനുവദിക്കൂ. ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ക്ക് ഫോട്ടോ അപ്ലോഡ് ചെയ്താല്‍ 48 മണിക്കൂറിനകം ഖത്തര്‍ പോസ്റ്റ് വഴി ഫാന്‍ ഐഡി ലഭിക്കും. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) ഖത്തര്‍ ഐഡി, സീറ്റ് വൗച്ചര്‍, ഫാന്‍ ഐഡി സ്ഥിരീകരിച്ചതിനുള്ള അധികൃതരുടെ ഇ-മെയില്‍ എത്തിയും തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കാം. ഇതാദ്യമായാണ് ഖത്തറില്‍ ഫാന്‍ ഐഡി സമ്പ്രദായം നടപ്പിലാക്കുന്നത്.