വാക്‌സിനെതിരെ ആരോപണം: 100 കോടി നഷ്ടപരിഹാരം ചോദിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
Allegation against vaccine: Serum Institute seeks Rs 100 crore compensation
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളോട് മാനനഷ്ടക്കേസിന് 100 കോടി ചോദിക്കാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ പരീക്ഷണത്തിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിടുന്നെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരന്‍ ആരോപിച്ചത്. നഷ്ടപരിഹാരമായി 5 കോടി രൂപയും ഇയാള്‍ ആവശ്യപ്പെട്ടു.
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിനാണ് കൊവിഷീല്‍ഡ്. പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.
ഞായറാഴ്ച വൈകുന്നേരം എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, വാക്‌സിന്‍ പരീക്ഷണവും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു. ‘നോട്ടീസിലെ ആരോപണങ്ങള്‍ വിദ്വേഷം പരത്തുന്നതും തെറ്റായതുമാണ്. വാക്‌സിന്‍ പരീക്ഷണത്തെ സംബന്ധിച്ച് സന്നദ്ധപ്രവര്‍ത്തകന്‍ ആക്ഷേപം ഉന്നയിക്കുകയാണ്’.
‘ഈ അവകാശവാദം തീര്‍ത്തും തെറ്റാണ്. താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് മെഡിക്കല്‍ ടീം സ്വമേധയാ അറിയിച്ചിരുന്നു. അതേകുറിച്ച്, പ്രത്യേകമായി ബോധവത്കരണം നടത്തിയിട്ടും അദ്ദേഹം പരസ്യമായി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ തീരുമാനിച്ചു’, സിറം പ്രസ്താവനയില്‍ പറഞ്ഞു.
100 കോടിയിലധികം നഷ്ടപരിഹാരം തേടുമെന്നും അത്തരം അവകാശവാദങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 1 നാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ഏജൂക്കേഷനില്‍ വച്ച് നാല്‍പ്പതുകാരന്‍ വാക്‌സിന്‍ സ്വീകരിച്ചത്. ആദ്യത്തെ പത്ത് ദിവസത്തേക്ക് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് കഠിനമായ തലവേദന ഛര്‍ദ്ദി തുടങ്ങിയവ ആരംഭിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.