ദോഹ: ആവേശപ്പോരാട്ടത്തില്‍ ഫിഫ അറബ് കപ്പില്‍ ജേതാക്കളായി അല്‍ജീരിയ. കാല്‍പ്പന്ത് കളിയില്‍ അറബ് ലോകത്തെ രാജാക്കള്‍ ആരെന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി. കലാശക്കളിയില്‍ തുണീഷ്യയെ വീഴ്ത്തിയാണ് ഫിഫ അറബ് കപ്പ് അള്‍ജീരിയ സ്വന്തമാക്കിയത്. അള്‍ജീരിയ പേരുകേട്ട അറബ് കപ്പ് സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. കലാശപ്പോരില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അല്‍ജീരിയയുടെ ജയം. അല്‍ജീരിയ രണ്ട് ഗോളും നേടിയത് അധികസമയത്താണ്.
കളിയുടെ അവസാനം വരെ ഇരു ടീമുകളും നന്നായി പൊരുതിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. തുടര്‍ന്നാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. 99ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അമീര്‍ സയൂദ് ആണ് അള്‍ജീരിയക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ബഗ്ദാദ് ബൂനെദ്ജാ നല്‍കിയ ഒരു ത്രസിപ്പിക്കുന്ന പാസില്‍ അമീര്‍ സയൂദ് ലക്ഷ്യം കാണുകയായിരുന്നു. എക്സ്ട്രാ ടൈമിലെ ഇന്‍ജുറി ടൈമില്‍ രണ്ടാമത്തെ ഗോളും അള്‍ജീരിയ നേടി. ടീം ക്യാപ്റ്റന്‍ യാസിന്‍ ബ്രഹീമിയായിരുന്നു ഇക്കുറി വലകുലുക്കിയത്.
അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ക്കായി നിര്‍മിച്ച അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ 60,456 കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു കലാശപ്പോരാട്ടം.
ഫൈനല്‍ മല്‍സരം കാണാന്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ശെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും ഉള്‍പ്പെടെ നിരവധി പ്രമുഖരും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. വിജയികള്‍ക്ക് അമീര്‍ തന്നെ അറബ് കപ്പ് ട്രോഫി കൈമാറി.
അറബ് കപ്പ് ടൂര്‍ണമെന്റിലെ മൂന്നാമനെ തെരഞ്ഞെടുക്കാന്‍ നടന്ന മല്‍സരത്തില്‍ ഈജിപ്തിനെ തോല്‍പ്പിച്ച് ഖത്തര്‍ ജേതാക്കളായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഗോള്‍രഹിത സമനിലയില്‍ കലാശിച്ച മല്‍സരത്തില്‍ ഗോള്‍കീപ്പര്‍ മിശ്അല്‍ ബര്‍ഷാം ആണ് ഖത്തറിന്റെ രക്ഷകനായത്. നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം. ഈജിപ്തിന്റെ ഗോളെന്നുറപ്പിച്ച പല നീക്കങ്ങളും തകര്‍ത്ത ബര്‍ഷാം തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ചും.