കാർഷിക ബിൽ; കോൺഗ്രസിന്റെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിർമല സീതാരാമൻ
Agriculture Bill; Finance Minister Nirmala Sitharaman has lashed out at the Congress over its allegations
ചെന്നൈ: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ക്കൊപ്പം തന്നെ രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും സമരം ശക്തമാക്കിയിരിക്കുകയാണ്. കാര്‍ഷിക ബില്ലുകള്‍ താങ്ങുവില ഇല്ലാതാക്കുന്നു എന്നുളള ആക്ഷേപം ആണ് പ്രധാനമായും കര്‍ഷകരും പ്രതിപക്ഷവും ഉന്നയിക്കുന്നത്. ഈ ആരോപണത്തിന് മറുപടി നല്‍കിയും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചും രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍.
നെല്ലിനും ഗോതമ്പിനും ഒഴികെയുളള ഉത്പന്നങ്ങള്‍ക്കൊഴികെ മറ്റൊന്നിനും താങ്ങുവില പ്രഖ്യാപിക്കാന്‍ തയ്യാറാകാതിരുന്നവരാണ് ഇപ്പോള്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്നത് എന്ന് കോണ്‍ഗ്രസിനെ ലക്ഷ്യമാക്കി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. താങ്ങുവില സര്‍ക്കാര്‍ ഇല്ലാതാക്കുന്നു എന്നുളള ആരോപണം ധനമന്ത്രി തള്ളിക്കളഞ്ഞു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിധിക്കുളളില്‍ വരുന്നതാണ് എന്നും അവ അന്തര്‍ സംസ്ഥാന കാര്‍ഷിക വ്യാപാരത്തേയും ഉള്‍ക്കൊള്ളുന്നതാണ് എന്നും ധനമന്ത്രി വ്യക്തമാക്കി. താങ്ങുവില ഇല്ലാതാകും എന്നുളള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത് എന്ന് പറയുന്നത് ന്യായീകരിക്കാവുന്നതല്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ധനമന്ത്രി കാര്‍ഷിക ബില്ലുകളെ പിന്തുണച്ച് പ്രതികരിച്ചത്. താങ്ങുവില നേരത്തെ ഉളളതാണ്. ഇപ്പോഴും ഉണ്ട്. അത് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ചില സര്‍ക്കാരുകള്‍ക്ക് കീഴില്‍ നെല്ലിനും ഗോതമ്പിനും മാത്രം താങ്ങുവില അനുവദിക്കാനും കൂട്ടാനും ആയിരുന്നു ശ്രദ്ധയെന്നും അവര്‍ മറ്റ് വിളകളെ പരിഗണിച്ചിരുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
നെല്ലിനും ഗോതമ്പിനും മാത്രം താങ്ങ് വില നല്‍കിയിരുന്ന ആളുകള്‍ എന്ന് കള്ളക്കണ്ണീരൊഴുക്കുകയാണ് എന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. 2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാത്രമാണ് നെല്ലിനും ഗോതമ്പിനും അപ്പുറം മറ്റ് വിളകള്‍ക്ക് കൂടി താങ്ങുവില നല്‍കാന്‍ ആരംഭിച്ചത് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.