Kerala

കവർച്ചയ്‌ക്ക് പിന്നാലെ ധർമ്മരാജൻ വിളിച്ചത് സുരേന്ദ്രൻ്റെ മകനെ;ബിജെപി നേതാക്കളുമായി സംസാരിച്ചു

After the robbery, Dharmarajan called Surendran's son and talked to BJP leaders

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന ബിജെപി നേതൃത്വത്തിലാക്കി വെട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തേക്ക്. കവർച്ച നടന്നതിന് പിന്നാലെ കേസിലെ മുഖ്യപ്രതി ധർമ്മരാജൻ 7 മുതിർന്ന ബിജെപി നേതാക്കളെ ഫോണിൽ വിളിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. ധർമ്മരാജൻ വിളിച്ച നമ്പരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ മകൻ ഹരി കൃഷ്‌ണൻ്റെ നമ്പരുമുണ്ട്.

കവർച്ച നടന്ന ഏപ്രിൽ മൂന്ന് പുലർച്ചെ 3.40ന് ശേഷമാണ് ധർമ്മരാജൻ മുതിർന്ന ബിജെപി നേതാക്കളെ ഫോണിൽ വിളിച്ചത്. ഹരി കൃഷ്‌ണൻ്റെ നമ്പരിലേക്ക് വിളിച്ച കോൾ 24 സെക്കൻ്റ് നീണ്ടു നിന്നുവെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. മറ്റ് നേതാക്കളുമായി 30 സെക്കൻ്റും കോൾ നീണ്ടു നിന്നു.

ധർമ്മരാജൻ വിളിച്ച നമ്പർ കെ സുരേന്ദ്രനാണോ മകൻ ഹരി കൃഷ്‌ണനാണോ ഉപയോഗിക്കുന്നതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് ഹരി കൃഷ്‌ണനിൽ നിന്ന് മൊഴിയെടുക്കുന്ന കാര്യത്തിൽ ആലോചന നടക്കുന്നത്.

മോഷണം നടക്കുമ്പോൾ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പണം ആലപ്പുഴയിൽ എത്തിച്ച ശേഷം സുരേന്ദ്രൻ മത്സരിച്ച കോന്നിയിലേക്ക് മാറ്റാനായിരുന്നു നീക്കമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ധർമ്മരാജൻ 7 മുതിർന്ന ബിജെപി നേതാക്കളെ ഫോണിൽ വിളിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ബിജെപിയുടെ നിലപാടിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ മോഷണം പോയ സംഭവത്തിൽ എന്തിനാണ് ധർമ്മരാജൻ മുതിർന്ന ബിജെപി നേതാക്കളെ പുലർച്ചെ ഫോണിൽ വിളിച്ചതെന്ന ചോദ്യമാണ് ശ്രദ്ധേയം. ധർമ്മരാജനുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് ഈ വിവരം പുറത്തായത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നതിൽ ബിജെപിയിൽ വ്യക്തമായ ആസൂത്രണം നടന്നുവെന്ന് പോലീസ് കരുതുന്നുണ്ട്. ചോദ്യം ചെയ്യലിനായി നേതാക്കളെ വിളിക്കുന്നതിന് മുൻപായി ഇക്കാര്യങ്ങളിൽ ചർച്ച നടന്നു. വൈരുദ്ധ്യം ഉണ്ടാകാത്ത രീതിയിൽ എല്ലാവരും ഒരേ രീതിയിൽ മൊഴി നൽകണമെന്നായിരുന്നു തീരുമാനിച്ചുറപ്പിച്ചത്. ധർമ്മരാജനുമായി ഫോണിൽ ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയാണ് പോലീസ് മൊഴി രേഖപ്പെടുത്തുന്നത്.

കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഡ്രൈവറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കേസിലെ മുഖ്യപ്രതി ധർമ്മരാജനെ അറിയാമെന്നും പരിചയമുണ്ടെന്നും വ്യക്തമാക്കി. ധർമ്മരാജനെ അറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രചാരണ സാമഗ്രഹികൾ അദ്ദേഹത്തിനെ ഏൽപ്പിച്ചിരുന്നു. പലവട്ടം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവരും മൊഴി നൽകി. എന്നാൽ, സുരേന്ദ്രനും ധർമ്മരാജനും നേരിൽ കണ്ടിരുന്നോ എന്ന ചോദ്യത്തിൽ അറിയില്ല എന്ന മറുപടിയാണ് ഇവർ നൽകിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button