India

ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ടു

Actress Vijay Shanthi leaves Congress after Khushboo

ഹൈദരാബാദ്: നടിയും മുൻ എംപിയുമായ വിജയശാന്തി കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചു. വിജയശാന്തി തിങ്കളാഴ്ച ബിജെപിയില്‍ ചേരുമെന്ന് ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിൽ പ്രശസ്ത ചലച്ചിത്ര താരം ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് വിജയശാന്തിയുടെയും നീക്കം. നേരത്തെ ബിജെപിയിൽ പ്രവർത്തിച്ച വ്യക്തി തന്നെയാണ് വിജയശാന്തി.

നാളെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിൽ വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനു മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തിളങ്ങിയ വിജയശാന്തി 1997ൽ ബിജെപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്കെത്തുന്നത്. തെലങ്കാന സംസ്ഥാന വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നതകളെ തുടർന്ന് 2005ലാണ് ഇവർ ബിജെപി വിട്ടത്. ഈ സമയത്ത് തന്നെ ഇവർ ടിആർഎസുമായി അടുക്കുകയും ചെയ്തിരുന്നു.

ബിജെപി ബന്ധം ഉപേക്ഷിച്ചതിനുശേഷം സ്വന്തം പാർട്ടി രൂപീകരിച്ച വിജയശാന്തി ഈ പാർട്ടിയെ ടിആർഎസുമായി ലയിപ്പിച്ചു. 2009 ലെ തെരഞ്ഞെടുപ്പിൽ മേദക് മണ്ഡലത്തിൽ ടിആർഎസ് സ്ഥാനാർഥിയായി മത്സരിച്ച ഇവർ ലോക്സഭയിലേക്കെത്തുകയും ചെയ്തു.

2014ലാണ് വിജയശാന്തി ടിആർഎസ് ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിലൊരാളായിരുന്നു. കഴിഞ്ഞമാസം തന്നെ വിജയശാന്തി ബിജെപിയിലേക്ക് തിരിച്ച് പോകുന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button