നടിയും കോൺഗ്രസ് നേതാവുമായ ഖുശ്‌ബു ബിജെപിയിലേക്ക്
Actress and Congress leader Khushboo joins BJP
ന്യൂഡൽഹി: നടിയും കോൺഗ്രസ് നേതാവുമായ ഖുശ്‌ബു ബിജെപിയിൽ ചേരാനൊരുങ്ങുന്നെന്ന് റിപ്പോർട്ട്. ഇന്ന് ഉച്ചയോടെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്ന് അവർ പാർട്ടി അംഗത്വം സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഖുശ്‌ബു ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വാർത്തകൾ തള്ളി താരം തന്നെ രംഗത്തെത്തിയിരുന്നു ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡൽഹിയിലേക്കെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ആയിരിക്കും പാർട്ടിപ്രവേശന പ്രഖ്യാപനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വാർത്തകൾ ശരിയാണെങ്കിൽ 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ നീക്കങ്ങളാകും ഇതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
തെന്നിന്ത്യയിലെ സൂപ്പർ താരമായ ഖുശ്ബു 2010ൽ ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ഡിഎംകെ അധികാരത്തിലുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് 2014ലാണ് ഇവർ കോൺഗ്രസിലേക്ക് എത്തുന്നത്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു കോൺഗ്രസ് പ്രവേശന പ്രഖ്യാപനം. തനിക്കിപ്പോഴാണ് വീട്ടിലേക്കെത്തിയതെന്ന് അനുഭവപ്പെടുന്നതെന്നും ജനങ്ങൾക്ക് നല്ലത് ചെയ്യാനുള്ള ഏക പാർട്ടി കോൺഗ്രസാണെന്നുമായിരുന്നു അന്ന് അവർ പറഞ്ഞത്.
എൻഡിഎ സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബിജെപി പ്രവേശനം വീണ്ടും ചർച്ചയായത്. എന്നാൽ ബിജെപി പ്രവേശന വാർത്തകളെ തള്ളി കഴിഞ്ഞദിവസം കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിലുൾപ്പെടെ ഇവർക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.