ഔദ്യോഗികമായി തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകം (ടിഎംകെ) എന്ന തന്റെ പാർട്ടിയുടെ പേരും വിജയ് പ്രഖ്യാപിക്കുകയും ചെയ്തു. അടിസ്ഥാന രാഷ്ട്രീയത്തിന്റെ മാറ്റത്തിനായി സുതാര്യവും ജാതി രഹിതവും അഴിമതി രഹിതുമായ പാർട്ടിയാണ് ടിഎംകെ എന്ന് വിജയ് സോഷ്യൽ മീഡിയ പങ്കുവെച്ച കത്തിലൂടെ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ ചെന്നൈ വെച്ച് കൂടിയ വിജയുടെ ആരാധക സംഘമായ വിജയ് മക്കൽ ഇയക്കത്തിന്റെ കൂടിക്കാഴ്ചയിൽ നടൻ പാർട്ടി പ്രവർത്തനം ആരംഭിക്കാൻ അനുവാദം നൽകിയിരുന്നു.
പാർട്ടിയുടെ രജിസ്ട്രേഷൻ നടിപടികൾ ആരംഭിച്ചതായിട്ടും നടൻ അറിയിച്ചു. വിജയ് മക്കൽ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ എത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ടിഎംകെ പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾക്ക് അപേക്ഷ സമർപ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തോടെ വിജയ് ആരാധകരുടെ തമിഴ്നാട് കേന്ദ്രീകരിച്ച് ആഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തു.
2026 തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യവെച്ചാണ് പാർട്ടി ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജനം ആഗ്രഹിക്കുന്ന രീതിയിൽ പൊതു രാഷ്ട്രീയ മാനത്തിന് മാറ്റം കൊണ്ടുവരാൻ തങ്ങളുടെ ലക്ഷ്യമെന്ന് വിജയ് അറിയിച്ചു. അതേസമയം വരാൻ പോകുന്ന 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കില്ലയെന്നും നടൻ വ്യക്തമാക്കുകയും ചെയ്തു. നിലവിൽ കരാറിൽ ഏർപ്പെട്ടിരിക്കുന്ന സിനിമകൾ പൂർത്തിയാക്കാനാണ് വിജയുടെ പ്രാഥമിക ലക്ഷ്യം. തുടർന്ന് മുഴുവൻ നേരവും താരം പാർട്ടി പ്രവർത്തനത്തിന് ഇറങ്ങും.
“രാഷ്ട്രീയം എന്റെ അടുത്ത കരിയർ അല്ല. ജനങ്ങൾക്ക് വേണ്ടി താൻ ചെയ്യുന്ന പവിത്രമായ ജോലിയാണ്. രാഷ്ട്രീയ പ്രവർത്തനത്തിനായി വളരെ നാളുകളായി ഞാൻ പ്രവർത്തിച്ചു വരികയാണ്. ഒരു ഹോബി പോലെ അല്ല എന്റെ രാഷ്ട്രീയ പ്രവർത്തനം. എന്റെ അഗാധമായ ആഗ്രഹമാണ് രാഷ്ട്രീയം. അതിൽ എന്നെത്തന്നെ പൂർണ്ണമായും ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു” താരം പങ്കുവെച്ച കത്തിൽ പറയുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യം എല്ലാവർക്കും ബോധ്യമുള്ളതാണ്. ഒരു വശത്ത് കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ രാഷ്ട്രീയ സംസ്കാരം, മറ്റൊരുവശത്ത് ജാതിയും മതവും മുൻനിർത്തികൊണ്ടുള്ള വിവേചന രാഷ്ട്രീയവും. തമിഴ്നാട്ടിൽ അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരുന്നതിനായി സുതാര്യവും ജാതി-അഴിമതി രഹിതമായ ഒരു ഭരണമാണ് തന്റെ പാർട്ടി ലക്ഷ്യമിടുന്നത് വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു.
തെരിഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതിന് ശേഷം പൊതുയോഗങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കാനാണ് വിജയുടെ പാർട്ടി ലക്ഷ്യവെക്കുന്നത്. ഇതിലൂടെ തങ്ങളുടെ നയങ്ങളും തത്വങ്ങളും പ്രവർത്തന പദ്ധതികളും പാർട്ടി പതാകയും ചിഹ്നവും അവതരിപ്പിക്കുകയും ചെയ്യും.