അഭിമന്യു വധം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകന്‍ കീഴടങ്ങി
Abhimanyu murder; The main accused, an RSS activist, surrendered
ആലപ്പുഴ: വള്ളികുന്നത്ത് 15 വയസുകാരന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. ആർഎസ്എസ് പ്രവർത്തകനായ സജയ് ജിത്ത് ആണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത്. എറണാകുളത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി കീഴടങ്ങിയത്. ഇയാളെ വള്ളികുന്നം സ്‌റ്റേഷനിലേക്ക് കൊണ്ട് പോകും.
കൊലപാതകവുമായി ബന്ധപ്പെട്ട് സജയ് ജിത്തിൻ്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്. കൊലപാതകത്തിൽ അഞ്ച് പ്രതികൾ ഉൾപ്പെടെന്നുണ്ടെന്നാണ് സൂചന. ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചു. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി കേസില്‍ നിർണായകമാണ്. ഇവരുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
പ്രതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമായെന്ന് വ്യക്തമാക്കിയ പോലീസ് കൊലയ്‌ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിലാണ്. അതേസമയം, അഭിമന്യുവിൻ്റേത് രാഷ്‌ട്രീയ കൊലപാതകം ആണെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം.
വിഷുദിനമായ ബുധനാഴ്‌ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിനു മുന്നിലെ സ്കൂളിനു സമീപം പത്തിലധികം പേർ ചേർന്നു നടത്തിയ ആക്രമണത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. സജയ് ജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിൻ്റെ മകനുമാണ് അഭിമന്യു.