വെറും ഒമ്പത് ദിവസം, ആടുജീവിതം 100 കോടി ക്ലബിൽ
Aadujeevitham Boxoffice Enters 100 Cr Club

Malayalam News Aadujeevitham Boxoffice Enters 100 Cr Club
Aadujeevitham, The Goat Life Boxoffice Collection Report : മലയാള സിനിമയിലെ 100 കോടി ക്ലബിൽ ഇടം നേടി പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം. മലയാള സിനിമ വ്യവസായത്തിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന ആറാമത്തെ ചിത്രമാണ് ആടുജീവിതം. അതിൽ മൂന്ന് പിറന്നത് ഈ വർഷം 2024ലാണ്. സിനിമ റിലീസായി ഒമ്പത് ദിവസം കൊണ്ടാണ് ആടുജീവിതം ആഗോള ബോക്സ് ഓഫീസിലെ ഗ്രോസ് കളക്ഷൻ 100 കോടി പിന്നിടുന്നത്. ഇതോടെ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന ചിത്രമായി ആടുജീവിതം മാറി. കേരള ബോക്സ്ഓഫീസിൽ മാത്രമായി ആടുജീവിതം നേടിട്ടുള്ളത് 40 കോടി രൂപയാണ്. പൃഥ്വിരാജിന്റെ സിനിമ കരിയറിൽ ഏറ്റവും ഉയർന്ന ബോക്സ്ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറി ആടുജീവിതം.
ബോക്സ്ഓഫീസ് കളക്ഷൻ റിപ്പോർട്ട് പങ്കുവെക്കുന്ന വെബ്സൈറ്റായ സാക്ക്നിക്ക് പ്രകാരം എട്ട് ദിവസം (ഒമ്പതാം ദിവസത്തെ സമ്പൂർണ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല) കൊണ്ട് പൃഥ്വിരാജ് ചിത്രം ആഗോള ബോക്സ്ഓഫീസിൽ നേടിയത് 94.1 കോടി രൂപയാണ്. കേരളത്തിൽ മാത്രമായി നേടിയത് 40.82 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആടുജീവിതത്തിന് നേടിയത് ഏഴ് കോടിയാണ്. ബാക്കി 50 കോടിയോളം കളക്ഷൻ ഓവസീസ് കളക്ഷനാണ്. 85 കോടിയാണ് സിനിമയുടെ ആകെ ബജറ്റെന്ന് സംവിധായകൻ ബ്ലെസി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
2008-ൽ ആണ് ആടുജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രരംഭ നടപടികളും ആരംഭിച്ചത്. 16 വർഷമാണ് ഇതിൻറെ അണിയറ പ്രവർത്തകർ ചിത്രത്തിനായി കാത്തിരുന്നത്. 2018-ൽ ചിത്രീകരണം ആരംഭിച്ച ആടുജീവിതം കോവിഡ് കാലത്ത് ചിത്രീകരണം നിർത്തിവച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14-ന് ആണ് പൂർത്തിയായത്.
എആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോളാണ് പൃഥ്വിരാജിന്റെ നായികയായെത്തിയത്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തിയ ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.
കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ച ആടുജീവിതത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സും പിആർഒ ആതിര ദിൽജിത്തുമാണ് നിർവഹിച്ചിരിക്കുന്നത്.
<https://zeenews.india.com/malayalam/movies/aadujeevitham-boxoffice-prithviraj-starrer-becomes-fastest-malayalam-movie-enters-100-cr-club-in-just-9-days-192102