ArticlesKeralaLiterature

സ്നേഹം ചൊരിയുന്ന അപ്പൂപ്പൻ

A loving grandfather

ഫോട്ടോ & റിപ്പോർട്ട്
പ്രസാദ് കെ ഷൊർണൂർ

ഈ ഭൂമിയിൽ പിറന്ന എല്ലാ മനുഷ്യരും നടന്നടുക്കുന്നത് വാർദ്ധക്യമെന്ന ഒരവസ്ഥയിലേക്ക് തന്നെയാണ്. എന്നാൽ, പുതിയകാലത്തെ മനുഷ്യർ ഇത് സൗകര്യപൂർവം മറക്കുകയാണ്. നമ്മുടെ വൃദ്ധസദനങ്ങളിൽ പെരുകുന്ന മുഖങ്ങൾ ഇതിനുദാഹരണമാണ്. സ്നേഹത്തോടെ വൃദ്ധരെ ചേർത്തുപിടിക്കാതെ പുറന്തള്ളുന്നവർ ഓർക്കുക, നിങ്ങളും ഒരുനാൾ വാർധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നവരും ഭാവിയിൽ വയോധികരാകാൻ സാധ്യതയുള്ളവരും തന്നെയാണല്ലോ എന്ന സത്യം. ഇപ്പോൾ ഊറ്റം കൊള്ളുന്ന യുവത്വമോ ആരോഗ്യമുള്ള മധ്യവയസ്സോ ഒന്നും കാലാകാലം നിലനിൽക്കുന്നതുമല്ല എന്ന തിരിച്ചറിവാണു പ്രാഥമികം.

ജനിച്ചാൽ ഒരുനാൾ മരണം വരും അത് സുനിശ്ചിതമാണ്, എന്നാൽ ഇതിനിടയിൽ ഒരു ജീവിതമുണ്ട്. ജീവിക്കണമെങ്കിൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം മറ്റു സൗകര്യങ്ങൾ എന്നിവ പൂർവ്വികരിൽ നിന്ന് വിഭിന്നമായി ഇന്നത്തെ കാലത്ത് മനുഷ്യന് അത്യന്താപേക്ഷിതമാകുന്നു. ഇത്തരം ജീവിത ആവശ്യങ്ങൾ നേടണമെങ്കിൽ മനുഷ്യന് ഒരു വരുമാനം ലഭിക്കുന്ന തൊഴിൽ വേണം. പണ്ട് കാലത്ത് കൃഷിയായിരുന്നു മനുഷ്യന്റെ ഏക ജീവിത മാർഗ്ഗം, എന്നാൽ കാലത്തിന്റെ പരിണാമത്തിൽ മനുഷ്യർ വിവിധ മേഖലകളിലേക്ക് തിരിഞ്ഞു. ഇതിൽ പ്രഥമ സ്ഥാനത്ത് വരുന്നവയിൽ ഒന്ന് തന്നെയാണ്, മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന നിത്യ ജീവിതത്തിന്റെ ഭാഗമായ ചായകടകൾ.

ഒന്നര പതിറ്റാണ്ടു മുമ്പു വരെ ശരാശരി മലയാളിയുടെ പതിവു ശീലങ്ങളിൽ ഒന്നായിരുന്നു, കൊച്ചു വെളുപ്പാൻ കാലത്ത് വീടിന് വിളിപ്പാടകലെയുള്ള ചായ പീടികയിൽ നിന്ന് കടുപ്പത്തിൽ ഒരു ചായ. ചായക്ക് ഒപ്പമുള്ള പത്ര പാരായണവും, രാഷ്ട്രീയം പറച്ചിലും, അല്പസ്വല്പം പരദൂഷണവും അത്രമേൽ അലിഞ്ഞു ചേർന്നിരുന്നു മലയാളിയുടെ ജീവിതചര്യയിൽ. കാലക്രമത്തിൽ ചായയുടെയും ചായ പീടികകളുടെയും ചേരുവയിലും രൂപത്തിലും മാറ്റങ്ങളുണ്ടായി, എന്നാൽ ഇന്നും ഒരു മാറ്റവും ഇല്ലാതെ പഴമമയുടെ പ്രതീകമായി നിലകൊള്ളുന ഒരു ചായകട ഉണ്ട് നിളയുടെ തീരത്ത്.

നാട്ടിൻ പുറങ്ങളിലേക്ക് ഇറങ്ങിയാൽ എവിടെ നോക്കിയാലും ഉണ്ടാകും കാലത്തിന് അനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട ചായക്കടകൾ, എന്നാൽ എവിടെയും കാണുവാൻ സാധ്യമല്ലാത്ത ചൂട് പറക്കുന്ന ചായ കിട്ടുന്ന ഒരിടമാണ് നാരായണൻ നായരുടെ ചായകട. തൃശൂർ ജില്ലയിലുള്ള പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം എന്ന പ്രദേശത്തെ, അയ്യഴി കാടുകളുടെ താഴ്‌വരയിലുടെ ഒഴുകുന്ന നിളയുടെ തീരത്തെ മടത്തിൽ തറവാട്ടിലെ കാരണവരാണ്, ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട് നിൽക്കുന്ന നാരായണൻ നായർ. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കുടിച്ചു തീർക്കുന്ന പാനീയമെന്ന വിശേഷണം ചായയ്ക്ക് സ്വന്തമാണ്.

സ്വന്തം അമ്മാവനായ മടത്തിൽ അച്ച്യുതൻ നായരുടെ കൂടെ സഹായിയായി ചായ കടയിൽ വന്ന് ചേർന്നതാണ് നാരായണന്റെ ജീവിതം. തൊണ്ണൂറ് വയസ്സുള്ള നാരായണൻ നായർ കഴിഞ്ഞ 75 വർഷമായി ചായകട നടത്തി വരുന്നു. തൊഴുപ്പാടം സെന്ററിൽ ഉണ്ടായിരുന്ന അമ്മാവന്റെ ചായകടയിൽ, രണ്ട് ദശാബ്ദത്തിലേറെ സഹായിയായി നിന്ന പരിചയത്തിൽ, പിന്നീട് വാഴാലിക്കാവ് സെന്ററിൽ സ്വന്തമായി ഒരു ചായകട തുടങ്ങി. 25 കൊല്ലത്തോളം വാഴാലിക്കാവ് സെന്ററിൽ ചായകട നടത്തിയ ശേഷം,1995 കാലത്താണ് പൈങ്കുളം കനാൽ റോഡിലെ പുളിഞ്ചുവട്ടിൽ, തന്റെ വീടായ മടത്തിൽ തറവാടിനോട് ചേർന്ന് ഇപ്പോഴുള്ള ചായകട ആരംഭിച്ചത്.

പ്രായം നവതിയിൽ എത്തി നിൽക്കുന്ന നാരായണൻ നായർ ഇന്നും പുലർച്ച നാല് മണിക്ക് ഉണരും, പ്രഭാത കർത്തവ്യങ്ങൾക്ക് ശേഷം അഞ്ച് മണിക്ക് മുമ്പേ ചായകട തുറക്കും. സൂര്യൻ ഉദിക്കുന്നതോട് കൂടി നാട്ടിൻ പുറത്തെ വഴി യാത്രക്കാർ ചായകടയിൽ എത്തും. രാവിലെ ചായ, കാപ്പി, ഇഡ്ലി, ദോശ, പുട്ട് എന്നിവയാണ് നൽകുന്നത്. ആധുനിക സൗകര്യങ്ങൾ ഒന്നും ഉപയോഗിക്കാത്ത ചായകടയിൽ ഒരുക്കിയിട്ടുള്ള, അടുപ്പിൽ വിറക് കൊണ്ട് തീപൂട്ടിയാണ് ചായയും കാപ്പിയും ഉണ്ടാക്കുന്നത്‌. ആര് വന്നാലും വന്നില്ലെങ്കിലും നാരായണൻ നായർ ദിവസവും ചായകട തുറക്കും, എന്തെന്നാൽ നായർക്ക് ഒരുദിനം ഒരു ഡസനിലേറെ ചായ കുടിക്കണം.

നാരായണൻ നായരുടെ ചായ കടയിൽ ഒന്നിനും ഒരു നിശ്ചിത വിലയില്ല. ഭക്ഷണം കഴിച്ച് ഇറങ്ങുന്നവർ കൊടുക്കുന്നത് വാങ്ങി വെച്ചാണ് ശീലം. പണ്ട് അര അണക്ക് ചായ, കടി എന്നിവ കൊടുത്തിരുന്ന നായർ ദശാബ്ദങ്ങൾക്ക് ഇപ്പുറം രൂപയുടെ മൂല്യത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നെങ്കിലും, ഇന്നും താൻ കൂട്ടുന്ന ചായയുടെ രുചിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് പറയുന്നുണ്ട് അദ്ദേഹത്തിന്റെ മന്ദസ്മിതത്തിൽ. സന്ധ്യക്ക് മുമ്പേ അടയ്ക്കുന്ന ചായകടയിൽ വൈകുന്നേരം എണ്ണ കടികൾ മാത്രമാണ് ഉണ്ടാകുക. വീട്ടിൽ താൻ വളർത്തുന്ന പശുവിൻ പാൽ മാത്രമേ തന്റെ ചായകടയിൽ ഉപയോഗിക്കാറുള്ളൂ എന്നത് ഇദ്ദേഹത്തിന്റെ ജീവിത വ്രതമാണ്.

അവിവിവാഹിതനായ നാരായണൻ നായർ തനിക്കും സഹോദരി മാധവിക്കുട്ടിക്കും അവകാശപ്പെട്ട, പന്ത്രണ്ട് സെന്റ് സ്ഥലത്തെ വീട്ടിൽ ഇവരുടെ കുടുംബത്തിന്റെ ഒപ്പമാണ് താമസം. ഇരുപത്തി രണ്ട് സെന്റ് കണ്ണായ സ്ഥലം സ്വന്തമായുള്ള നാരായണൻ നായർ പറയുന്നത്, ഈ പ്രായത്തിലും പരസഹായമില്ലാതെ ഒറ്റക്ക് തന്റെ രക്തത്തിൽ അലിഞ്ഞ ചായകടയിലൂടെ, മറ്റുള്ളവരുടെ വിശപ്പ് മാറ്റുവാൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നാണ്. സ്വന്തം മാതാപിതാക്കളെ പാതവക്കിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിച്ചു പോകുന്ന ഇന്നത്തെ തലമുറക്ക് മുമ്പിൽ, നാരായണൻ നായരും കുടുംബവും രക്ത ബന്ധങ്ങളുടെ പ്രതീകമായി നിലക്കൊള്ളുന്നു.

ഫോട്ടോ & റിപ്പോർട്ട്
പ്രസാദ് കെ ഷൊർണൂർ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button