ന്യൂഡൽഹി: രാജ്യത്ത് സിഗരറ്റും പുകയിലെ ഉത്‌പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസാക്കാൻ കേന്ദ്ര സർക്കാർ ആലോചന നടത്തുന്നതായി റിപ്പോർട്ട്. പുകയിലെ നിരോധന നിയമത്തിൽ ഭേദഗതി വരുത്തി പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
പുകയില വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി 18ൽ നിന്ന് 21 ആക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. പുകയിലെ നിരോധന നിയത്തിൻ്റെ ഏഴാം വകുപ്പ് ഭേദഗതി ചെയ്യും. ഇതോടെ നിയമം തെറ്റിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും നൽകേണ്ടി വരും.
അനധികൃതമായി സിഗരറ്റുകളും പുകയില ഉത്‌പന്നങ്ങളും വിൽക്കുന്നത് തടയാനുള്ള നിയമവും ഉണ്ടാകും. പൊതു സ്ഥലങ്ങളിൽ പുക വലിക്കുന്നതിനുള്ള പിഴ 200 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തുമെന്നതാണ് ബില്ലിലെ പ്രധാന കാര്യം. പുകയിലെ ഉത്‌പന്നങ്ങളുടെ പരസ്യത്തിൽ പങ്കാളിയാകുന്നതും പുകയില ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും കുറ്റമായി കണക്കാക്കും.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങളെടുക്കുക. നിർദേശം ലംഘിച്ച് കുറഞ്ഞ അളവിൽ പുകയില ഉത്പന്നങ്ങൾ നേരിട്ടോ അല്ലാതെയോ വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ കുറ്റകരമാണെന്ന് വ്യവസ്ഥ കൂടി ഭേദഗതിയിൽ ഉൾപ്പെടുത്തും. ഈ നിർദേശം ലംഘിക്കപ്പെടുന്നവരെ കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവും പിഴയും നൽകേണ്ടി വരും.