നിളാനദിയെ കുറിച്ചുള്ള കവിതകളുടെ സമാഹരണവും ശബ്ദരൂപാവതരണവും; “നിളയോളം”
A collection of poems on the Nilanadi and a sound presentation; "As far as the floor"
നിള, ഒരു നാടിന്റെ സാംസ്കാരികപൈതൃകത്തിന്റെ ജീവസ്പന്ദനം ഏറ്റുവാങ്ങിയ സ്നേഹപ്രവാഹിനി! എത്രയെത്ര നവോത്ഥാനങ്ങൾക്ക് സാക്ഷ്യംവഹിച്ചതാണാ തീരം! വരരുചിപ്പഴമയും മാമാങ്കവും തുഞ്ചന്റെ കിളിമൊഴിയും കുഞ്ചന്റെ ഹാസ്യവും ഇടശ്ശേരിയുടെ തത്വചിന്തയും ഇഴപിരിയാതലിഞ്ഞുചേർന്ന, ഈ ഓളങ്ങളോടല്ലേ എം. ടി. യുടെ കണ്ണാന്തളിപ്പൂക്കൾ കഥപറഞ്ഞത്? പൊന്നാനിയുടെ ഒപ്പനപ്പാട്ടുകൾക്കു താളം പിടിച്ചതും സർവ്വോദയമേളകൾ കണ്ടു രോമാഞ്ചമണിഞ്ഞതും ഇതേ നിളയോളമല്ലേ? ഈ ഓളപ്പരിപ്പിലൂടെയല്ലേ നമ്മുടെ പിതൃക്കൾക്കുള്ള ശാന്തിമന്ത്രങ്ങൾ നടുകീറിയ നാക്കിലകളായി മോക്ഷംതേടിയലഞ്ഞത്? പൂന്താനവും, സൈനുദ്ദീൻ മഖ്ബൂമും എം. ഗോവിന്ദനും പി. കുഞ്ഞിരാമൻ നായരും വി.ടി യും നിളയുടെ പാരമ്പര്യത്തനിമയ്ക്ക് ആഴവും പരപ്പും കൂട്ടി.
കഥകളിയും തുള്ളലും കെസ്സുപാട്ടും പൂതനും തിറകളും നിറഞ്ഞാടുന്നതുകണ്ട് നിളയുടെ മനസ്സു കുളിർത്തു. സാമൂതിരിയുടെ ദേശസ്നേഹവും വസ്കോഡഗാമയുടെ പിന്മുറക്കാരായ വിദേശികളുടെ കച്ചവടതന്ത്രങ്ങളും തൊട്ടറിഞ്ഞ ഈ ഓളങ്ങൾക്ക് പാടാനും പറയാനും ഇനിയും കഥകൾ ബാക്കിനിൽക്കേ, ഒഴുകാൻ പോലുമാകാതെ വിറങ്ങലിച്ചുനിൽക്കുകയാണ് പുഴയിന്ന്. മനുഷ്യന്റെ സ്വാർത്ഥചിന്തകൾ കോരിയെടുത്ത സ്വപ്നങ്ങളുടെ ചിതയിൽ സ്വയം ഉരുകുന്നു അതിന്റെ കണ്ണുനീർ! ഇത്തരുണത്തിൽ, നിളയുടെ പാരിസ്ഥിതികവും സാംസ്കാരികവുമായ തനിമ വീണ്ടെടുക്കാനുള്ള യജ്ഞത്തിന്റെ ആദ്യചുവട് എന്നനിലയിൽ,വയലി വിമയുടെ മനസ്സിൽ നാമ്പെടുത്ത ഒരാശയമാണ്, നിളയെപ്പറ്റി നാളിതുവരെ എഴുതപ്പെട്ട കവിതകൾ സമാഹരിച്ച് അവ ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ ജനശ്രദ്ധയിൽ കൊണ്ടുവരിക, എന്നുള്ളത്.
നിളയുടെ പാരമ്പര്യം കവിതയിൽ ഒതുങ്ങുന്നില്ല എന്നതുകൊണ്ടുതന്നെയാണ്, ഇത് “ആദ്യത്തെ ചുവടുവയ്പ്പ് ” എന്നു ഞങ്ങൾ വിശേഷിപ്പിച്ചത്. തുടർപ്രവർത്തനങ്ങളിലൂടെ മഹത്തായ ഈ സംസ്കാരികത്തനിമ വരുംതലമുറയ്ക്ക് അന്യംനിന്നുപോകാതിരിക്കാനുള്ള ഞങ്ങളുടെ ഉദ്യമത്തിന് ഏവരുടെയും പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരിക്കുമല്ലോ !!! കവിതകളും ഓഡിയോ രൂപങ്ങളും ഇനി പറയുന്ന നമ്പറുകളിലേക്ക് അയച്ച് നിളയോളം പ്രൊജക്റ്റ് വിജയിപ്പിക്കാൻ സുമനസ്സുകളോട് അഭ്യർത്ഥിക്കുന്നു. ജയകൃഷ്ണൻ : 9847938175, ദീപ്തി വിനോദ് : 9446538970
റിപ്പോർട്ട്: ബാബു കാങ്കലാത്ത്