ദോഹ: സൈക്കിള്‍ പാതകളുടെ നാടായ ഖത്തറില്‍ സൈക്കിള്‍ സവാരിക്കാര്‍ക്കു മാത്രമായി 40 കിലോമീറ്റര്‍ നീളത്തില്‍ പുതിയൊരു പാതയൊരുക്കി പബ്‌ളിക് വര്‍ക്‌സ് അതോറിറ്റി (അശ്ഗാല്‍). ഖത്തറിലെ ജനങ്ങളില്‍ ആരോഗ്യകരമായ ജീവിത രീതി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദോഹ എക്‌സ്പ്രസ്വേയുടെ തെക്ക് ഭാഗത്തായി മനോഹരമായ സൈക്കിള്‍ പാത ഒരുക്കിയിരിക്കുന്നത്.
തെക്കന്‍ എക്‌സ്പ്രസ് ഹൈവേയോട് ചേര്‍ന്ന് നിര്‍മിച്ച പുതിയ സൈക്കിള്‍ പാതയില്‍ ഒരു ബൈസിക്ക്ള്‍ ബ്രിഡ്ജ്, 2390 സ്ട്രീറ്റ് ലൈറ്റുകള്‍, 17 സൈക്ലിങ് പാര്‍ക്കുകള്‍, 1930 മരങ്ങള്‍, 24 ടണലുകള്‍, യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ 17 ഇടങ്ങളില്‍ മേല്‍ക്കൂരയോട് കൂടിയ ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വ്യായാമത്തിന്റെ ഭാഗമായി സൈക്കിള്‍ സവാരി നടത്തുന്നവര്‍ക്കും സ്പോര്‍ട്സിന്റെ ഭാഗമായി സൈക്ലിംഗ് പരിശീലിക്കുന്നവര്‍ക്കും ഒരു പോലെ ഉപയോഗപ്പെടുത്താന്‍ പാകത്തിലാണ് പുതിയ സൈക്കിള്‍ പാത ഒരുക്കിയിരിക്കുന്നത്.
ഏറ്റവും നീളമുള്ള സൈക്കിള്‍ പാതയ്ക്കുള്ള ലോംഗെസ്റ്റ് കണ്ടിന്വസ് സൈക്ലിംഗ് പാത്ത് എന്ന ഗിന്നസ് റെക്കോഡ് നിലവില്‍ ഖത്തറിനാണ്. ദോഹയില്‍ നിന്ന് അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലേക്കുള്ള ഒളിംപിക് സൈക്കിള്‍ ട്രാക്കിന്റെ പേരിലാണ് ഈ റെക്കോഡ്. ഏഴ് മീറ്റര്‍ വീതിയില്‍ 33 കിലോമീറ്റര്‍ നീളുന്ന ഈ പാതയില്‍ 29 തുരങ്കങ്ങളും അഞ്ച് പാലങ്ങളും പാര്‍ക്കിംഗ് ഏരിയയുമുണ്ട്. ഈ സൈക്കിള്‍ ഓണ്‍ലി പാത, വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി പ്രത്യേക ലെയിനുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. അന്താരഷ്ട്ര സൈക്ലിംഗ് മല്‍സരങ്ങള്‍ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളും ഇതിലുണ്ട്.