4 വയസുകാരനെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നു
A 4-year-old boy was bitten by a pack of stray dogs
ഹൈദരാബാദ്: നാല് വയസുകാരനെ നായക്കൂട്ടം കടിച്ചുകൊന്നു. നിസാമാബാദിലായിരുന്നു സംഭവം. പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ കളിക്കുകയായിരുന്നുന കുട്ടി. വീഡിയോയിൽ കുട്ടി നടക്കുന്നത് കാണാം. പിന്നാലെ മൂന്ന് നായകൾ കുട്ടിയെ വളയുകയായിരുന്നു. കുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. പരിഭ്രാന്തനായ കുട്ടി ഓടാൻ ശ്രമിക്കുമ്പോൾ നായകൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു.
പ്രദീപ് എന്ന നാല് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രദീപിന്റെ പിതാവ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കുട്ടി രക്ഷപ്പെടാൻ പാടുപെടുമ്പോൾ നായ്ക്കൾ വസ്ത്രങ്ങൾ വലിച്ചുകീറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴെല്ലാം നായയുടെ ആക്രമണത്തിൽ കുട്ടി നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
അധികം വൈകാതെ കുട്ടിയെ നായകൾ കീഴ്പ്പെടുത്തുകയായിരുന്നു. കുട്ടിയെ കടിച്ചെടുത്ത് ഒരു മൂലയിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ മറ്റ് മൂന്ന് നായകൾ കൂടി വരികയും ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ കുട്ടി മരിച്ചതായി വീഡിയോയിൽ വ്യക്തമാണ്. ഗുജറാത്തിലെ സൂറത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാല് വയസ്സുള്ള ആൺകുട്ടി മരിച്ചത് രണ്ട് ആഴ്ചകൾക്ക് മുമ്പാണ്. ഇതിന് പിന്നാലെയാണ് തെലുങ്കാനയിലും ഇത്തരത്തിൽ ദാരുണമായ സംഭവം അരങ്ങേറിയിരിക്കുന്നത്.