മുംബൈയിൽ ഓടുന്ന കാറിൽ നിന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞു കൊന്നു.
A 10-month-old baby was thrown from a moving car in Mumbai.
മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ കാറിൽ നിന്ന് എറിഞ്ഞ സംഘം അമ്മയെ പീഡിപ്പിച്ചതായും പരാതിയുണ്ട്. ഡ്രൈവറും കാറിലുണ്ടായിരുന്ന സഹയാത്രക്കാരും ചേർന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.
മഹാരാഷ്ട്രയിലെ പാൽഘഡ് ജില്ലയിൽ ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. പെൽഹാറിൽ നിന്ന് പോഷെരെ തഹസീലിലേക്ക് പുറപ്പെട്ട പത്തൊമ്പത് കാരിയായ അമ്മയും കുഞ്ഞുമാണ് അക്രമത്തിന് ഇരയായത്.
മറ്റുള്ളവർക്കൊപ്പം ഷെയർ ചെയ്ത് കയറിയ കാറിലാണ് അതിക്രമം നേരിട്ടത്. യാത്രയ്ക്കിടയിൽ കാർ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇതിനെ എതിർത്തതോടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറിച്ച് കാറിൽ നിന്ന് പുറത്തേക്ക് എറിയുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
കുഞ്ഞ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. യുവതിയേയും കാറിൽ നിന്ന് പുറത്തേക്കിടാൻ ശ്രമിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, കാറിന്റെ വിൻഡോയിൽ കൂടി കുട്ടി പുറത്തേക്ക് തെറിച്ചു വീണതാണെന്നാണ് ഡ്രൈവറുടെ വാദം. അമ്മയുടെ കയ്യിൽ നിന്നാണ് കുഞ്ഞ് തെറിച്ചു പോയതെന്നും ഇതോടെ പരിഭ്രാന്തയായ യുവതി കാറിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.