‘ചൈനയിലെ ഹവായി’യിൽ കുടുങ്ങിയത് 80, 000 വിനോദസഞ്ചാരികൾ
80,000 tourists stranded in 'China's Hawaii'
ബീജിങ്: ചൈനയുടെ ഹവായി എന്നറിയപ്പെടുന്ന സാന്യ നഗരത്തിൽ കുടുങ്ങിയത് 80,000 വിനോദസഞ്ചാരികൾ. കൊവിഡ് കേസുകൾ കൂടിയതിനെ തുടർന്ന് നഗരത്തിൽ അധികൃതർ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്നാണ് വിനോദസഞ്ചാരികൾ കുടുങ്ങിയത്. ചൈനയിലെ തെക്കൻ ദ്വീപായ ഹൈനാനിലെ സാന്യയിൽ കഴിഞ്ഞ ദിവസം 483 കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് സാന്യയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.
നഗരത്തിൽ നിന്ന് പുറത്തേക്കുള്ള ട്രെയിൻ യാത്രകൾ നിർത്തിവെച്ചു. ട്രെയിൻ ടിക്കറ്റുകളുടെ വിൽപനയും നിർത്തിവെച്ചു. നഗരത്തിൽ നിന്നുള്ള വിമാനയാത്രകളും റദ്ദ് ചെയ്തിരിക്കുകയാണ്. നഗരത്തിൽ കടുത്ത നിയന്ത്രണമാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.വിനോദസഞ്ചാരികൾക്ക് നഗരത്തിന് പുറത്തേക്ക് പോകണമെങ്കിൽ ഏഴ് ദിവസങ്ങൾക്കിടെ നടക്കുന്ന അഞ്ച് പരിശോധനകളിൽ നിന്നുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നുമാണ് അധികൃതരുടെ നിർദേശം.
വിനോദസഞ്ചാരികൾക്ക് നഗരത്തിലെ ഹോട്ടലുകളിൽ 50 ശതമാനം നിരക്ക് കുറച്ച് നൽകണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. യാത്രാനിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ വിനോദസഞ്ചാരികൾക്ക് വേണ്ട താമസസൗകര്യം നൽകണമെന്നാണ് ഹോട്ടലുകൾക്ക് സർക്കാർ നൽകിയ നിർദേശം. അത്യാവശ്യ സേവനങ്ങളായ സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. സ്പാകൾ, ബാറുകൾ, പബ്ബുകള്‍ എന്നിവ അടപ്പിച്ചു. സർഫിങ്ങിന് പ്രശസ്തമായ സാന്യയിലെ ടൂറിസം സീസൺ സമയത്താണ് വീണ്ടും ലോക്ക് ഡൗൺ വന്നിരിക്കുന്നത്.