India

കൊവാക്സിൻ നിർമാതാക്കൾക്ക് 65 കോടി കേന്ദ്രസഹായം; ഉത്പാദനം ഇരട്ടിയാക്കും

65 crore central assistance to covaxin manufacturers; Production will double

ന്യൂഡൽഹി: രാജ്യം കടുത്ത വാക്സിൻ ക്ഷാമം നേരിടുന്നതിനിടെ കൊവാക്സിൻ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് 65 കോടി രൂപയുടെ കേന്ദ്രസഹായം. വാക്സിൻ ഉത്പാദനം വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയ്ക്ക് കൂടുതൽ സഹായം നല്‍കുന്നത്. കേന്ദ്രബയോടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷന് ഉപയോഗിക്കുന്ന കൊവാക്സിൻ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കൊവിഡ് 19 പ്രതിരോധ വാക്സിനാണ്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക ധനസഹായം. മെയ് – ജൂൺ മാസങ്ങളോടെ കൊവാക്സിൻ്റെ ഉത്പാദനം ഇരട്ടിയാകുമെന്നും ജൂലൈ – ഓഗസ്റ്റ് കാലത്ത് വാക്സിൻ ഉത്പാദനം 6 മുതൽ 7 ഇരട്ടി വരെയായി ഉയരുമെന്നും കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിലിൽ ഒരു കോടി ഡോസ് വാക്സിനാണ് ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ ഇത് 7 കോടി ഡോസ് വരെയായി ഉയരും. സെപ്റ്റംബര്‍ മാസത്തോടെ പ്രതിമാസ ഉത്പാദനം പത്ത് കോടി വരെയാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബെംഗളൂരുവിലെ പുതിയ നിര്‍മാണകേന്ദ്രത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ ഫണ്ട് ഉപയോഗിക്കുക.

ഭാരത് ബയോടെക്കിനു പുറമെ മഹാരാഷ്ട്ര സര്‍ക്കാരിനു കീഴിൽ പ്രവര്‍ത്തിക്കുന്ന ഹാഫ്കൈൻ ബയോഫാര്‍മസ്യൂട്ടിക്കൽ കോര്‍പ്പറേഷൻ ലിമിറ്റഡിനും കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കേന്ദ്രത്തിൽ നിന്ന് ആറു മാസത്തിനുള്ളിൽ വാക്സിൻ ഉത്പാദിപ്പിച്ചു തുടങ്ങാൻ 65 കോടിയുടെ കേന്ദ്രസഹായമാണ് നല്‍കുന്നത്. പ്രതിമാസം രണ്ട് കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ ഇവിടെ സൗകര്യമുണ്ടാകും.

രാജ്യത്ത് കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും വിദേശരാജ്യങ്ങളിലേയ്ക്ക് വാക്സിൻ കയറ്റുമതി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ആവശ്യത്തിനു വാക്സിൻ എത്താത്തതു മൂലം പല കേന്ദ്രങ്ങളിലും മാസ് വാക്സിനേഷൻ മുടങ്ങിയിരുന്നു.

വാക്സിൻ പ്രതിസന്ധി മറികടക്കാൻ കൂടുതൽ വിദേശ വാക്സിനുകള്‍ക്ക് ഇന്ത്യയിൽ അനുമതി നല്‍കാൻ ഒരുങ്ങുകയാണ് കേന്ദ്രം. റഷ്യ വികസിപ്പിച്ച സ്പുട്നിക് 5 വാക്സിന് കഴിഞ്ഞ ദിവസം ഡിസിജിഐ അനുമതി നല്‍കിയിരുന്നു. വിദേശ വാക്സിനുകള്‍ ഇനി മുതൽ ഇന്ത്യയിൽ ചെറുകിട ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തേണ്ടതില്ലെന്നും നേരിട്ട് ഉപയോഗിക്കാമെന്നുമാണ് ഡിസിജിഐയുടെ പുതിയ നിലപാട്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button