India

1200 ട്രാക്‌ടറുകളിലായി 50,000 കർഷകർ കൂടി ഡൽഹിയിലേക്ക്

50,000 more farmers to Delhi in 1,200 tractors

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിൻ്റെ വിവാദ കാർഷിക ബില്ലിനെതിരെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ കൂടുതൽ കർഷകർ ഡൽഹിയിലേക്ക്. ചർച്ചകൾ തുടരുമ്പോഴും സർക്കാർ നിലപാടിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് 50,000ത്തോളം കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്.

1200 ട്രാക്‌ടറുകളിലായിട്ടാണ് ഇത്രയും ആളുകൾ എത്തുന്നത്. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്നുള്ള സംഘങ്ങളാണ് രാജ്യ തലസ്ഥാനത്തേക്ക് നീങ്ങുന്നത്. ആറ് മാസത്തോളം ഉപയോഗിക്കാനുള്ള ഭക്ഷണവും ആവശ്യമായ സൗകര്യങ്ങളും സംഘടിപ്പിച്ചാണ് കർഷകരുടെ വരവ്. കർഷകർ മോഗ കടന്നതായായുള്ള റിപ്പോർട്ടുകളുമുണ്ട്.

പഞ്ചാബിന് പുറമെ ഹരിയാനയിൽ നിന്നുള്ള കർഷകരും ഡൽഹിയിലേക്ക് തിരിച്ചു. കൂടുതൽ കർഷകർ ഡൽഹിയിലെത്തുന്നതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാകും. പൊതു സമൂഹത്തിൽ നിന്ന് കർഷകർക്ക് അനുകൂലമായ വികാരം ശക്തമാകുന്നത് കേന്ദ്രത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. “സമരം ചെയ്യുന്ന തങ്ങനെ കൊല്ലുന്നതിനെ കുറിച്ച് മോദി സർക്കാർ തീരുമാനമെടുക്കട്ടെ. മറ്റെന്ത് സാഹചര്യം വന്നാലും അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ തിരിച്ച് പോകില്ല” – എന്ന് മസ്‌ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സിങ് പന്നും ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

നിയമം റദ്ദാക്കില്ലെന്നും കർഷകരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ചർച്ച നടത്താൻ തയ്യാറാണെന്നുമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കുന്നത്. കർഷകരുടെ സമരം ദേശീയ തലത്തിൽ ചർച്ചയായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാർത്താസമ്മേളനങ്ങളും ‘ചൗപാലു’കളും മറ്റും സംഘടിപ്പിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. വരും ദിവസങ്ങളിൽ 700 വാർത്താസമ്മേളനങ്ങളും 700 ചൗപാലുകളും സംഘടിപ്പിക്കുമെന്നാണ് ബിജെപി അറിയിച്ചത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button