തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ചൊവ്വാഴ്ച അഞ്ച് ജില്ലകളാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനമെങ്കിലും ഇടുക്കിയിൽ എൽഡിഎഫ് പ്രവർത്തകർ കലാശക്കൊട്ട് നടത്തിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കുമ്മംകല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കലാശക്കൊട്ട് നടത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
40 ഓളം എൽഡിഎഫ് പ്രവർത്തകരാണ് കുമ്മംകല്ലിൽ പ്രകടനത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തിയതായും ഏഷ്യാനെറ്റ് റിപ്പോർട്ടിലുണ്ട്. പരസ്പരം ആരോപണങ്ങളുന്നയിച്ചും പഴിചാരിയുമാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചത്.
അഞ്ച് ജില്ലകളിലും നേതാക്കളും സ്ഥാനാര്‍ഥികളും വാഹനജാഥകള്‍ നടത്തി. ഇനി ഒരുദിവസം നിശബ്ദ പ്രചാരണമാണ് ഈ ജില്ലകളിൽ നടക്കുക. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളും ആലപ്പുഴയിലെ ആറും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നാല് വീതവും ഇടുക്കിയിലെ രണ്ട് മുനിസിപ്പാലിറ്റികളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.
ഒന്നാം ഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് പോകുന്ന ജില്ലകളിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ളത് തിരുവനന്തപുരത്താണ്, 73 എണ്ണം. കൊല്ലം- 68, ആലപ്പുഴ- 72, പത്തനംതിട്ട- 53, ഇടുക്കി- 52 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഗ്രാമ പഞ്ചായത്തുകൾ.
ബ്ലോക്ക് പഞ്ചായത്തുകൾ കൂടുതലുള്ളത് ആലപ്പുഴയിലാണ് 12 എണ്ണം. തിരുവനന്തപുരം- 11, കൊല്ലം- 11, പത്തനംതിട്ട -8, ഇടുക്കി – 8 എന്നിങ്ങനെയാണ് ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം.