449 രൂപയ്ക്ക് പ്രതിമാസം 3300 ജിബി ഡാറ്റ; രാജ്യത്തെ ടെലികോം വിപണിയില്‍ വീണ്ടും ശക്തിയാര്‍ജിക്കാന്‍ BSNL
3300 GB data per month for Rs 449; BSNL to re-energize telecom market in the country
രാജ്യത്തെ ടെലികോം വിപണിയില്‍ വീണ്ടും ശക്തിയാര്‍ജിക്കാന്‍ ബ്രോഡ്ബാന്റ് രംഗത്ത് മത്സരിക്കാനൊരുങ്ങുകയാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. 449 രൂപയില്‍ ആരംഭിക്കുന്ന അത്യാകര്‍ഷകമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബ്രോഡ്ബാന്റ് ഓഫറുകളാണ് ബിഎസ്എന്‍എല്‍ അടുത്തിടെ അവതരിപ്പിച്ചിരിക്കുന്നത്.
449 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ തുടങ്ങിയ ബ്രോഡ്ബാന്റ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രോമോഷണല്‍ ഓഫറിന്റെ ഭാഗമായി അവതരിപ്പിച്ച ഈ പ്ലാനുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 90 ദിവസം മാത്രമേ ലഭ്യമാവൂ. മാത്രവുമല്ല, ഈ ഓഫറുകള്‍ നഗരപ്രദേശങ്ങളില്‍ മാത്രമേ ലഭിക്കുകയുള്ളു.
449 രൂപയുടെ ഫൈബര്‍ ബേസിക് പ്ലാനില്‍ 3.3 ടിബി അഥവാ 3300 ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. സെക്കന്റില്‍ 30 എംബി വേഗത ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. 3300 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ വേഗത സെക്കന്റ് രണ്ട് എംബിയിലേക്ക് കുറയും. ആന്‍ഡമാന്‍ നിക്കോബാര്‍ സര്‍ക്കിള്‍ ഒഴികെ രാജ്യത്തെ മറ്റെല്ലാ സര്‍ക്കിളുകളിലും ഈ പ്ലാന്‍ ലഭിക്കും. ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് ലഭ്യമാണ്.
അതുപോലെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റിന്റെ 799 രൂപയുടെ ഫൈബര്‍ വാല്യു പ്ലാനില്‍ 3300 ജിബി ഡാറ്റ 100 എംബിപിഎസ് വേഗത്തില്‍ ലഭിക്കും. 999 രൂപയുടെ പ്രീമിയം പ്ലാനില്‍ വേഗത 200 എംബിപിഎസ് ആയി വര്‍ധിക്കും.
അതേസമയം 1499 രൂപയുടെ ഫൈബര്‍ അള്‍ട്രാ പ്ലാനില്‍ 4000 ജിബി ഡാറ്റ 300 എംബിപിഎസ് വേഗതയില്‍ ഉപയോഗിക്കാനാവും.
നേരത്തെ സൂചിപ്പിച്ച പോലെ ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്തെ വിവിധ നഗരങ്ങളിലാണ് ഈ നാല് പ്ലാനുകളും ലഭിക്കുക. മാത്രവുമല്ല മത്സരം നേരിടുന്ന നഗരങ്ങളില്‍ മാത്രമേ ഇത് അവതരിപ്പിക്കുകയുള്ളൂ.
വ്യക്തമായി പറഞ്ഞാല്‍ 399 രൂപയുടെ ജിയോ ഫൈബര്‍ പ്ലാനിനെ വെല്ലുവിളിക്കുകയാണ് ബിഎസ്എന്‍എല്‍ ഈ പുതിയ പ്രൊമോഷണല്‍ ഓഫറുകളിലൂടെ.