3,000 വർഷത്തിന് ശേഷം ഓസ്‌ട്രേലിയൻ കാടുകളിൽ ടാസ്‌മാനിയൻ ‘പിശാച്’ എത്തി
3,000 years later, the Tasmanian ‘devil’ arrived in the Australian jungle
സിഡ്‌നി: ലോകത്തിലെ ഏറ്റവും വലിയ മാംസഭോജികളിലൊന്നും അക്രമണകാരിയുമായ ടാസ്‌മാനിയൻ ‘പിശാച്’ ഓസ്‌ട്രേലിയൻ കാടുകളിലെത്തി. വേട്ടയാടൽ മൂലം രാജ്യത്തെ പ്രധാന കാടുകളിൽ ഇവയുടെ സാന്നിധ്യം ഇല്ലാതെ വന്നതോടെ ദ്വീപ് സമൂഹമായ ടാസ്‌മാനിയയിൽ നിന്ന് ഇവയെ ഓസ്‌ട്രേലിയയിലെ പ്രധാന ഭൂപ്രദേശങ്ങളിലെ കാടുകളിലേക്ക് എത്തിക്കുകയാണ്.
ഓസ്‌ട്രേലിയയുടെ പ്രവശ്യയായ ടാസ്‌മാനിയയിൽ ഇവയെ കൂടുതലായി കാണപ്പെടുന്നത് കൊണ്ടാണ് ടാസ്‌മാനിയൻ ‘പിശാച്’ എന്ന വിളിപ്പേര് ഇവയ്‌ക്ക് ലഭിച്ചത്. 3,000 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇവയെ ഓസ്‌ട്രേലിയൻ കാടുകളിലേക്ക് ഇവയെ എത്തിക്കുന്നത്. പേര് പോലെ അപകടകാരിയും ആക്രമണസ്വഭാവം പ്രകടിപ്പിക്കുന്നതുമായ മാംസഭോജിയായ ജീവിയാണിത്. 11 ടാസ്‌മാനിയൻ ‘പിശാചിനെ’ സെപ്‌റ്റംബറിൽ ന്യൂ സൗത്ത് വെയിൽസിലെ വന്യജീവി സങ്കേതത്തിലേക്ക് വിട്ടയച്ചു.
ടാസ്‌മാനിയൻ ‘പിശാചുക്കൾ’ രാജ്യത്തെ പ്രധാന കാടുകളിൽ എത്തുന്നത് 3000 വർഷത്തിനിടെയിലെ ആദ്യത്തെ സംഭവമായിരിക്കുമെന്ന് കൺസർവേഷൻ ഗ്രൂപ്പ് പ്രസിഡന്റ് ടിം ഫോക്ക്നർ പറഞ്ഞു. വളരെ പ്രധാനപ്പെട്ട സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയയുടെ ആവാസവ്യവസ്ഥ പുനർനിർമ്മിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്. അടുത്തവർഷം 20 എണ്ണത്തെ കൂടി കാടുകളിലെത്തിക്കാൻ പദ്ധതിയുണ്ട്. ടാസ്‌മാനിയയിൽ നിന്ന് ഇവയെ ഓസ്‌ട്രേലിയയുടെ പ്രധാന ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ആവാസവ്യവസ്ഥ മെച്ചെപ്പെടുത്താൻ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ സസ്‌തനികളിൽ ഒന്നാണ് ടാസ്‌മാനിയൻ ‘പിശാച്’. ഓസ്‌ട്രേലിയയിലാണ് ഇവ കൂടുതലായി വംശനാശ ഭീഷണി നേരിടുന്നത്, മുൻപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവയുണ്ടായിരുന്നുവെങ്കിലും വേട്ടയാടലും രോഗങ്ങളും മൂലം ഇവയുടെ എണ്ണം കുറഞ്ഞു. ദ്വീപ് സംസ്ഥാനമായ ടാസ്‌മാനിയയിലാണ് ഇവയിപ്പോൾ കൂടുതലായുള്ളത്. ഇവയെ രാജ്യത്തെ കാടുകളിൽ എത്തിച്ച് പരിസ്ഥിതി സന്തുലിതമാക്കാനുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്.
ഒരു നായയുടെ വലുപ്പം വരുന്ന ടാസ്‌മാനിയൻ ‘പിശാച്’ ആക്രമണകാരിയാണ്. കുറഞ്ഞത് 12 കിലോഗ്രാം ഭാരമുണ്ടാകും. അമിതവേഗത്തിൽ ഓടാൻ കഴിയില്ലെങ്കിലും നീന്താനും മരത്തിൽ കയറാനും ഇവയ്‌ക്ക് കഴിയും. ഒരു മണിക്കൂറിൽ 24 കിലോമീറ്റർ ഓടാൻ ഇവയ്‌ക്ക് സാധിക്കും. പാമ്പ്, പക്ഷികൾ, പ്രാണികൾ എന്നിവയാണ് ഭക്ഷണം. കാഴ്‌ച ശക്തിയും ഗന്ധം തിരിച്ചറിയാനുള്ള ശേഷിയും ഇവയുടെ മറ്റ് പ്രത്യേകതകളാണ്. യൂറോപ്യൻ ഗവേഷകരാണ് ഇവയ്‌ക്ക് ടാസ്‌മാനിയൻ ‘പിശാച്’ എന്ന പേര് നൽകിയത്.