ദോഹ: ഖത്തറിലെ പ്രശസ്ത കലാ പഠന കേന്ദ്രമായ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിന്റെ 21-ാം വാര്‍ഷികാഘാഷോവും വിദ്യാർത്ഥികളുടെ അരങ്ങേറ്റവും ‘സ്വരലയ -2023’ ഇന്നും, നാളെയുമായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡി പി എസ് ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയിൽ 120ഓളം വിദ്യാര്‍ഥികള്‍ ഭരതനാട്യം, കുച്ചിപിടി എന്നീ ഇനങ്ങളിലായി അരങ്ങേറ്റം കുറിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്‌കില്‍സിലെ സംഗീത അധ്യാപകരുടെ യോഗ, സിനിമാറ്റിക് ഡാന്‍സ്, സുമ്പ, കഥക് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും കലാവിരുന്നുകളുമരങ്ങേറും.
നാളെ കര്‍ണാടിക് സംഗീത വിദ്യാര്‍ഥികളുടുെ അരങ്ങേറ്റവുംനടക്കും. കീബോര്‍ഡ്, ഗിറ്റാര്‍, പിയാനോ, ഡ്രംസ്, തബല, കരാട്ടെ, നൃത്ത വിദ്യാര്‍ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും. ബി എസ് എസ് അംഗീകാരമുള്ള ഖത്തറിലെ ഏക സ്ഥാപനമായ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിന്റെ നൃത്തം, സംഗീതം, തബല, ചിത്രരചന എന്നീ വിഷയങ്ങളിൽ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമയ്ക്ക് തുല്യമാണെന്ന് മാനേജ്മെന്റ് വ്യക്ത്തമാക്കി.
ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സിലിന്റെ അംഗത്വവുമുണ്ട്. അതുവഴി നൃത്ത വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കാം.
മുംബൈ ആസ്ഥാനമായ അഖില ഭാരത ഗന്ധര്‍വ മഹാവിദ്യാലയയുടെ അഫിലിയേഷനുള്ള സ്‌കില്‍സ് തബല, ഹിന്ദുസ്ഥാനി സംഗീതം, കഥക്, ഭരതനാട്യം എന്നിവയില്‍ പരീക്ഷ നടത്താന്‍ അംഗീകാരമുള്ള ഖത്തറിലെ ഏക സ്ഥാപനവുമാണ്. സ്കിൽസിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍മാരായ പി എന്‍ ബാബുരാജന്‍, പി വിജയകുമാര്‍, എ കെ ജലീല്‍, മാനേജര്‍ പി ബി ആഷിക് കുമാര്‍, കരാട്ടെ ഇന്‍സ്ട്രക്ടര്‍ സെന്‍സായി ഷിഹാബുദ്ദീന്‍, തബല ഇന്‍സ്ട്രക്ടര്‍ പണ്ഡിറ്റ് സന്തോഷ് കുല്‍ക്കര്‍ണി, ക്ലാസിക്കല്‍ ഡാന്‍സ് അധ്യാപകരായ കലാമണ്ഡലം ദേവി സുനില്‍ കുമാര്‍, കലാമണ്ഡലം അര്യശ്രീ അശ്വിന്‍, കര്‍ണാടിക് സംഗീത അധ്യാപിക കലാമണ്ഡലം സിംന സുജിത്, അഡ്മിന്‍ കൃഷ്‌ണേന്ദു ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.