20,000 കോടിയ്ക്ക് ‘ദയവായി ഓക്സിജനും വാക്സിനും എത്തിക്കൂ’
20,000 crore for 'Oxygen and Vaccine'
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 കേസുകളുടെ വര്‍ധനവ് മൂലം കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെ പുതിയ പാര്‍ലമെന്‍റ് മന്ദിരം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രാഹുൽ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വാക്സിൻ വിതരണത്തിലും ഓക്സിജൻ ഉള്‍പ്പെടെയുള്ള സാമഗ്രികളുടെ വിതരണത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ ആവശ്യപ്പെട്ടു.
കൊവിഡ് 19 മഹാമാരിയ്ക്കിടെ ശതകോടികളുടെ സെൻട്രൽ വിസ്ത പ്രോജക്ടുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ആവശ്യത്തിന് കൊവിഡ് 19 പരിശോധനകള്‍ നടക്കുകയോ ആവശ്യത്തിന് വാക്സിനോ ഓക്സിജനോ ആശുപത്രി കിടക്കകളോ ലഭ്യമാക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഈ നീക്കമെന്ന് രാഹുൽ ആരോപിച്ചു.
“കൊവിഡ് പ്രതിസന്ധി. പരിശോധനകള്‍ നടക്കുന്നില്ല. ഓക്സിജനില്ല. ഐസിയു ഇല്ല. മുൻഗണന മറ്റു പലതിനും.” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സെൻട്രൽ വിസ്ത പദ്ധതിയുടെ കീഴിൽ പുതിയ സെക്രട്ടറിയേറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. അനാവശ്യ ചെലവുകള്‍ക്കും പ്രചാരണങ്ങള്‍ക്കും പണം ചെലവാക്കുന്നതിനു പകരം കേന്ദ്രം വാക്സിനുകള്‍ക്കും ഓക്സിജൻ ഉള്‍പ്പെടെയുള്ള ആരോഗ്യരക്ഷാ ഉപാധികള്‍ക്കും വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഹുൽ ഹിന്ദിയിൽ എഴുതിയ ട്വീറ്റിൽ വ്യക്തമാക്കി.
“ഈ പ്രതിസന്ധി വരുംദിവസങ്ങളിൽ രൂക്ഷമാകും. ഇത് നേരിടാൻ രാജ്യം സന്നദ്ധമായിരിക്കണം. നിലവിലെ ദുരിതം അസഹനീയമാണ്.” രാഹുൽ ഗാന്ധി വ്യക്തമാക്കി.
ശനിയാഴ്ച വരെയുള്ള കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളിൽ 3,46,786 കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2634 പുതിയ കൊവിഡ് 19 മരണങ്ങളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഐസിയു കിടക്കകളുടെയും വെൻ്റിലേറ്ററുകളുടെയും ക്ഷാമം മൂലം ഡൽഹി അടക്കമുള്ള നഗരങ്ങളിൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തിരിച്ച് അയയ്ക്കുകയാണ്. ഇതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം.