സംസ്ഥാനത്തെ 13 മണ്ഡലങ്ങളിലായി 100 കോടി രൂപയുടെ 20 പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു
20 projects worth 100 crore were submitted to peoples
തിരുവനന്തപുരം: സംസ്ഥാനത്തെ 13 മണ്ഡലങ്ങളിലായി 100 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും ആരംഭിക്കുന്നതുമായ 85 കിലോമീറ്റര്‍ റോഡ്, നിര്‍മ്മാണം പൂര്‍ത്തീകരിച്ച മൂന്ന് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങള്‍, ആര്‍ക്കിടെക്ചറല്‍ വിഭാഗത്തിന്റെ മധ്യമേഖല ഓഫീസ് എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി – കുന്നങ്കൈ റോഡ്, പോത്താംകണ്ടം – അത്തോട്ടി – മാണലം – കൂളിയാട് റോഡ്, മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ മണ്ഡലത്തിലെ കോട്ടപ്പടി – കുര്‍ബാനി മാനവേദന്‍ രാജ റോഡ് (3 കോടി രൂപ), കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തിലെ മുല്ലപ്പള്ളി – ചാലിയം റോഡ് ( 5 കോടി രൂപ), തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലെ കൊടകര – വെള്ളികുളങ്ങര റോഡ് (20.78 കോടി രൂപ), പുതുക്കാട് – ചെറുവാള്‍ റോഡ് (2.84 കോടി രൂപ), തൃക്കൂര്‍ റോഡ് (2.50 കോടി രൂപ),
എറണാകുളം ജില്ലയിലെ വൈപ്പിന്‍ മണ്ഡലത്തിലെ വൈപ്പിന്‍ – പള്ളിപ്പുറം റോഡ്, എളങ്കുന്നപ്പുഴ – കിഴക്കെ ആറാട്ടുവഴി – കര്‍ത്തേടം റോഡ് (1.20 കോടി രൂപ), കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തിലെ തോട്ടുവ – കാണക്കാറി റോഡ് (5 കോടി രൂപ), വെമ്പള്ളി – വയലാ- വെമ്പള്ളി കണക്കാരി റോഡ് (2.05 കോടി രൂപ), പാറോലിക്കര – മുട്ടപ്പള്ളി റോഡ് – ആനമല – കുറുമള്ളൂര്‍ റോഡ് (1.50 കോടി രൂപ), പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിലെ മെഴുവേലി – കുറിയാനിപ്പള്ളി കാരിത്തോട്ട – മാത്തുക – കാരയ്ക്കാട് – കോഴിപ്പാലം റോഡ് (3 കോടി രൂപ), കോന്നി മണ്ഡലത്തിലെ കെ.പി. റോഡ് (5.75 കോടി രൂപ),
റാന്നി മണ്ഡലത്തിലെ മണ്ണാറകുളഞ്ഞി – പമ്പ റോഡ് (13.09 കോടി രൂപ), കണമല – ഇലവുങ്കല്‍ റോഡ് – പ്ലാപ്പള്ളി – തുലാപ്പള്ളി റോഡ് (5 കോടി രൂപ), എന്നീ റോഡുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. തവനൂര്‍ മണ്ഡലത്തിലെ കൊടയ്ക്കല്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം (0.64 കോടി രൂപ), പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മേലാറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം (0.60 കോടി രൂപ), അരുവിക്കര മണ്ഡലത്തിലെ വിതുര സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം, എറണാകുളം പത്തടിപ്പാലത്തെ ആര്‍ക്കിടെക്ചറല്‍ മധ്യമേഖല ഓഫീസ് കെട്ടിടം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് കെട്ടിട വിഭാഗത്തില്‍ നിര്‍വ്വഹിച്ചത്.
പരിമിത സൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന, നിന്നു തിരിയാന്‍ സൗകര്യമില്ലാതെ ജീവനക്കാരും പൊതുജനങ്ങളും ബുദ്ധിമുട്ടുന്ന ക്ലീഷേ കാഴ്ചകള്‍ പടിയിറങ്ങുകയാണ്, ഇനി മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ജനസൗഹൃദമായ രജിസ്ട്രാര്‍ ഓഫീസുകളുടെ കാലമാണ് പുതിയ കാലത്ത് പുതിയ സേവനത്തിനായി ഒരുങ്ങുന്നത്. വികസനത്തില്‍ രാഷ്ട്രീയം കാണാതെ, കോവിഡ് പ്രതിസന്ധിയില്‍ പതറാതെ ജനോപകാരപ്രദമായ നടപടികളുമായി, ക്ലിപ്ത ലക്ഷ്യങ്ങളോടെ, കൃതഹസ്തതയോടെ മുന്നേറുകയാണ് പിണറായി സര്‍ക്കാരിന്റെ കാലത്തെ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.