India

സിബിഐ കസ്റ്റഡിയിൽ നിന്ന് കാണാതായത് 103 കിലോ സ്വർണം

103 kg of gold missing from CBI custody

ചെന്നൈ: റെയ്ഡിൽ പിടിച്ചെടുത്ത 45 കോടിയോളം രൂപ വില വരുന്ന 103 കിലോ സ്വര്‍ണം കാണാനില്ലെന്ന് സിബിഐയുടെ കുറ്റസമ്മതം. സുരക്ഷിതകേന്ദ്രത്തിലെന്നു കോടതിയെ ധരിപ്പിച്ചിരുന്ന സ്വര്‍ണമാണ് തമിഴ്നാട്ടിൽ കാണാതായത്. സംഭവത്തിൽ മദ്രാസ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

2012ൽ ചെന്നൈയിലെ സുരണ കോര്‍പ്പറേഷൻ ലിമിറ്റഡിൻ്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ ആഭരണങ്ങളായും ബിസ്കറ്റ് രൂപത്തിലും 400.5 കിലോ സ്വര്‍ണം സിബിഐ പിടികൂടിയിരുന്നു. ഇവ വിവിധ ലോക്കറുകളിലായി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നായിരുന്നു സിബിഐ വ്യക്തമാക്കിയിരുന്നത്. ഇതിൽ നിന്നുള്ള 103 കിലോ സ്വര്‍ണമാണ് കാണാതായത്.

സിബിഐയുടെ താഴും സീലും ഉപയോഗിച്ച് സുരണ കോര്‍പ്പറേഷൻ്റെ തന്നെ ലോക്കറുകളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഇവയുടെ 72 താക്കോലുകള്‍ സിബിഐ കേസുകള്‍ക്കു വണ്ടിയുള്ള പ്രിൻസിപ്പൽ സ്പെഷ്യൽ കോടതിയിൽ സമര്‍പ്പിച്ചിരുന്നതായും സിബിഐ വ്യക്തമാക്കി. റെയ്ഡിനു ശേഷം സ്വര്‍ണശേഖരത്തിൻ്റെ തൂക്കം ഒരുമിച്ചാണ് പരിശോധിച്ചതതെന്നും എന്നാൽ ലിക്വിഡേറ്റര്‍ക്ക് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി പ്രത്യേകം തൂക്കം രേഖപ്പെടുത്തിയെന്നും ഇതാണ് തൂക്കത്തിലുള്ള വ്യത്യാസത്തിനു കാരണമെന്നുമാണ് സിബിഐ വാദിക്കുന്നത്. എസ്ബിഐയും സുരണ കോര്‍പ്പറേഷനും തമ്മിലുള്ള കേസിലെ തര്‍ക്കവിഷയമാണ് ഈ സ്വര്‍ണശേഖരം.

അതേസമയം, സിബിഐയുടെ സബ്മിഷൻ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്നും എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് പ്രകാശ് ഉത്തരവിട്ടു. എന്നാൽ വിഷയത്തിൽ ലോക്കൽ പോലീസ് അന്വേഷിക്കുന്നത് അഭിമാനത്തിന് കോട്ടമുണ്ടാക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button