സ്റ്റീഫൻ നെടുമ്പള്ളിമാർ വാഴ്ത്തപ്പെടുന്ന ഈ കെട്ടകാലത്ത് അയ്യപ്പന്റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടത്; വെെറല്‍ കുറിപ്പ്
രാഷ്ട്രീയം തിന്മയും തിന്മയും തമ്മിലുള്ള കളിയാണെന്ന് പറഞ്ഞു പഠിപ്പിച്ച് സമൂഹത്തെ അരാഷ്ട്രീയവത്കരിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിമാർ വാഴ്ത്തപ്പെടുന്ന ഈ കെട്ട കാലത്ത് അയ്യപ്പൻ്റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടതുണ്ട്. അത് അപരൻ്റെ വേദനയറിയുന്ന അവനെ തോളോട് തോൾ ചേർത്ത് നിർത്തുന്ന മാനവികതയുടെ രാഷ്ട്രീയമാണെന്ന് കൃഷ്ണനുണ്ണി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
മലയാളി സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കുന്നതിൽ മലയാള സിനിമ വഹിച്ച പങ്ക് ചെറുതല്ല. വെള്ളയും വെള്ളയുമിട്ട് അച്ചടി ഭാഷ സംസാരിച്ച് അഴിമതിയും ബലാത്സo ഗവും നടത്തുന്ന നേതാക്കളെയാണ് മലയാള സിനിമ എന്നും സൃഷ്ടിച്ചിട്ടുള്ളത്. ആ നിരയിലേക്കാണ് LJP യുടെ മെമ്പർ അയ്യപ്പൻ കടന്നു വരുന്നത്.
ഈസിയുടെ അപ്പൻ വാവച്ചൻ മേസ്തിരിയുടെ മരണവാർത്തയറിഞ്ഞാണ് അയ്യപ്പൻ എത്തുന്നത്. അവിടം മുതൽ ഡോക്ടറെ വിളിക്കാനും മരണവാർത്ത കൊടുക്കാനും മുന്നിട്ടിറങ്ങുന്ന അയ്യപ്പൻ ചടങ്ങ് നടത്താൻ പണമില്ലാതിരിക്കുന്ന ഈസിക്ക് പലിശക്ക് ജാമ്യം നിൽക്കുകയും ചെയ്യുന്നുണ്ട്.
വാക്കുകൾ കൊണ്ട് ജനങ്ങളെ സുഖിപ്പിച്ചു നിർത്തുന്ന പതിവ് രാഷ്ട്രീയ അടവുകൾ ഒന്നും അയ്യപ്പന് വശമില്ല. അതു കൊണ്ടാണ് വാവച്ചൻ മേസ്തിരിയുടെ മരണത്തെ കൊലപാതകമാക്കി മാറ്റാൻ ശ്രമിക്കുന്നവരോട് തൻ്റെ നാടൻ ഭാഷയിൽ തന്നെ മറുപടി പറയുന്നതും, സർക്കാർ ശമ്പളം വാങ്ങി പണി എടുക്കാതെ കിടന്നുറങ്ങിയ ലൈൻമാനെ തല്ലുന്നതും.
തുടക്കം മുതൽ ഈസിയുടെ ദു:ഖത്തോടൊപ്പം സഞ്ചരിക്കുകയാണ് അയാൾ. തൻ്റെ സുഹൃത്തിന് വേണ്ടി പള്ളീലച്ചൻ്റെ മുമ്പിൽ തൻ്റെ രാഷ്ട്രീയ സ്ഥാനം മറന്നു കൊണ്ട് ഒരു യാചകനെ പോലെ അപേക്ഷിക്കാനും അയാൾ മടിക്കുന്നില്ല.
ഒടുവിൽ എല്ലാ വഴികളും അടഞ്ഞ് നിൽക്കുന്ന അവസ്ഥയിൽ കോരിച്ചൊരിയുന്ന മഴയത്തും തൻ്റെ സുഹൃത്തിന് വേണ്ടി പോലീസ് സ്റ്റേഷൻ്റെ പടികൾ കയറുന്ന അയ്യപ്പനെയാണ് കാണുന്നത്.
അയ്യപ്പൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയോ പ്രത്യയശാസ്ത്രമോ ഒന്നും പരാമർശിക്കപ്പെടുന്നില്ല. പക്ഷേ അയാളുടെ രാഷ്ട്രീയം വളരെ വ്യക്തമാണ്.
ജീവിതത്തിൽ ഒരിക്കലും രാഷ്ട്രീയക്കാരൻ ആകണമെന്ന് തീരുമാനം എടുത്ത ആളായിരിക്കില്ല അയ്യപ്പൻ. അയാൾ പട്ടിണി എന്തെന്നറിഞ്ഞിരുന്നിരിക്കണം, ഒറ്റപ്പെടലിൻ്റെ വേദന അനുഭവിച്ചിരുന്നിരിക്കണം. താൻ കടന്നു വന്ന പാതയിൽ മനുഷ്യരുടെ വേദനയും യാതനകളും അയാൾ കണ്ടിരുന്നിരിക്കണം. അല്ലെങ്കിൽ എങ്ങനെയാണ് അയാൾക്ക് ഇത്രക്കും മനുഷ്യ പക്ഷത്ത് നിൽക്കാൻ സാധിക്കുന്നത്.
Also Read: കാന്താ വരാത്തതെന്തേ…; ‘കിം കിം’ പാട്ടിന് ചുവടുവച്ച് മഞ്ജു വാര്യര്‍, വീഡിയോ വെെറല്‍
രാഷ്ട്രീയം തിന്മയും തിന്മയും തമ്മിലുള്ള കളിയാണെന്ന് പറഞ്ഞു പഠിപ്പിച്ച് സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി മാർ വാഴ്ത്തപ്പെടുന്ന ഈ കെട്ടകാലത്ത് അയ്യപ്പൻ്റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടതുണ്ട്. അത് അപരൻ്റെ വേദനയറിയുന്ന അവനെ തോളോട് തോൾ ചേർത്ത് നിർത്തുന്ന മാനവികതയുടെ രാഷ്ട്രീയമാണ്.
ഒരുപാട് അയ്യപ്പൻമാരുള്ള നാടാണിത്. അവരെ ചേർത്തു പിടിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
“എല്ലാവരും ഒരു
ദിവസം പിരിഞ്ഞു പോകും. അപ്പോ ബാക്കി ഉള്ള നമ്മളെല്ലാവരും കൂടി അവർക്ക് നല്ലൊരു യാത്രയയപ്പ് കൊടുക്കണം. അങ്ങനെയൊക്കെയല്ലേ. ഇല്ലെങ്കിൽപ്പിന്നെ നമ്മളൊക്കെ എന്തിനാ മനുഷ്യൻ എന്നൊക്കെ പറഞ്ഞ് ജീവിക്കണത്”
– അയ്യപ്പൻ