‘വെളിപാടിന്റെ പുസ്തകം ക്ലാസിക് ആവേണ്ട സിനിമ’; എന്താണ് സംഭവിച്ചതെന്ന് ലാല്‍ ജോസ് പറയുന്നു
”ലാലേട്ടനുവേണ്ടി മൂന്ന് സബ്ജക്ടുകള്‍ ആലോചിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃച്ഛികമായി ബെന്നി പി. നായരമ്പലം തന്നോടു പറഞ്ഞ ചിന്തയില്‍നിന്നാണ് ‘വെളിപാടിന്റെ പുസ്തകം’ പിറക്കുന്നത്. നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നു. ആ വേഷം അയാളില്‍നിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റര്‍നാഷണല്‍ വിഷയമാണെന്ന് തനിക്കുതോന്നി. ക്ലാസിക് ആവേണ്ട സിനിമയായിരുന്നു” ലാല്‍ ജോസ് പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റുന്നില്ല. വെറും ഒമ്പത് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ വണ്‍ ലെെന്‍ പൂര്‍ത്തിയാകുന്നത്. ഒടിയന്‍ തുടങ്ങുന്നതിന് മുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. നിങ്ങള്‍ ഇപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ താന്‍ സമ്മതം മൂളുകയായിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു. എന്നാല്‍ ഇത് തന്റെ രീതിയല്ലെന്നും അദ്ദേഹം പറയുന്നു.
Also Read: ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ മനസ്സമ്മത ചടങ്ങിൽ താരമായി മോഹൻലാൽ
‘അയാളും ഞാനും തമ്മില്‍’ ഒന്നരവര്‍ഷം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോള്‍ ഉണ്ടായത്. ധാരാണം ചര്‍ച്ചകള്‍ അതിനായി നടത്തിയിരുന്നു. പക്ഷേ, ‘വെളിപാടിന്റെ പുസ്തക’ത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പത് ദിവസംകൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞെന്നും ലാല്‍ ജോസ് പറഞ്ഞു.
പ്ലാന്‍ചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് എങ്കില്‍ പിന്നെ ഇതായിക്കോട്ടെ എന്ന് കരുതിയത്. ‘തട്ടിന്‍പുറത്ത് അച്യുതനി’ല്‍ എനിക്ക് കുറ്റബോധമില്ല. ‘വെളിപാടിന്റെ പുസ്തക’ത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ടെന്നും ലാല്‍ ജോസ് പറയുന്നു. മോഹന്‍ലാല്‍ എന്ന നടനോടൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ചതാണ് ‘വെളിപാടിന്റെ പുസ്തകം’ എന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.