Entertainment
യാത്രയിലെ കഥയുമായി ‘പാച്ചുവും അത്ഭുതവിളക്കും’; ഫഹദിനൊപ്പം അഖില്‍ സത്യന്‍
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അഖിലിന്റെ സഹോദരന്‍ അനൂപ് സത്യന്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയിരുന്നു. കൊച്ചി, ഗോവ, മുംബെെ എന്നിവടങ്ങളിലാണ് പാച്ചുവും അത്ഭുതവിളക്കും ചിത്രീകരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. സേതു മണ്ണാര്‍ക്കാടാണ് സിനിമ നിര്‍മ്മിക്കുന്നത്.
ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അഖിലിന്റേത് തന്നെയാണ് തിരക്കഥയും. എഡിറ്റിങ്ങും അഖില്‍ സത്യന്‍ ആണ്. ഈ വര്‍ഷം തന്നെ ചിത്രം തീയേറ്ററുകളിലെത്തും. മുംബൈയില്‍ സ്ഥിരതമാസമാക്കിയ മലയാളിയെ ആണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. വിജി വെങ്കിടേഷ്, ഇന്നസെന്റ്, വിജയരാഘവന്‍, അഞ്ജന ജയപ്രകാശ്, വിനീത് എന്നിവരും ചിത്രത്തിലുണ്ട്.
ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ സഹസംവിധായകനായിരുന്നു അഖില്‍ സത്യന്‍. രാജ്യാന്തര അംഗീകാരങ്ങള്‍ ലഭിച്ച ദാറ്റ്‌സ് മൈ ബോയ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകനുമാണ് അഖില്‍. അനൂപ് ആദ്യ സിനിമയിലൂടെ തന്നെ വരവറിയിച്ചിരുന്നു. അഖിലിനും ആ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.