മുതിര്‍ന്ന താരങ്ങള്‍ മൗനം തന്നെ, ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി മലയാള സിനിമയുടെ യുവ തലമുറ
The older generation is silent and the younger generation of Malayalam cinema supports the attacked actress
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തിന് ഇടയില്‍, തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് ആക്രമിയ്ക്കപ്പെട്ട നടി സോഷ്യല്‍ മീഡിയയില്‍ എത്തിയത് ശ്രദ്ധേയമായിരുന്നു. തുടക്കം മുതല്‍ നടിയ്ക്ക് സകല പിന്തുണകളും അറിയിക്കുന്ന ഒരു യുവ തലമുറ മലയാള സിനിമയില്‍ ഉണ്ട് എന്നതാണ് ഇപ്പോള്‍ വളരെ പോസിറ്റീവ് ആയ കാര്യം.
‘കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ ഒക്കെ നിശബ്ദത ബേധിച്ച് ചിലരൊക്കെ മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍, ഇന്ന് എനിക്ക് വേണ്ടി ഇത്രയും ശബ്ദം ഉയരുമ്പോള്‍ ഞാന്‍ തനിച്ചല്ല എന്ന് തിരിച്ചറിയുന്നു’ എന്ന് പറഞ്ഞ് കൊണ്ടാണ് നടി നന്ദി പ്രകടിപ്പിച്ചത്.
നിമിഷ നേരങ്ങള്‍ക്കകം നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മലയാള സിനിമയിലെ യുവ താരങ്ങളാണ് പിന്തുണയ്ക്കുന്നത് എന്നത് ശ്രദ്ധേയം. ‘റീ പോസ്റ്റ്’ എന്ന ഹാഷ് ടാഗോടെയാണ് നടിയുടെ പോസ്റ്റ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴും ഉറച്ച മനസ്സോടെ നില്‍ക്കുന്ന നടിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ രംഗത്ത് എത്തിയത്. ഭാര്യ സുപ്രിയ മേനോനും ധൈര്യത്തെ പ്രശംസിച്ചു.
ടൊവിനോ തോമസ്, ആര്യ ബാബു (ബഡായി ബംഗ്ലാവ് ഫെയിം), അന്ന ബെന്‍, സ്‌നേഹ ശ്രീകുമാര്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സംയുക്ത മേനോന്‍, ഐശ്വര്യ ലക്ഷ്മി, പൂര്‍ണിമ ഇന്ദ്രജിത്ത്, തുടങ്ങി ഭൂരിഭാഗം യുവ താരങ്ങളും മിനിട്ടുകള്‍ക്കകം ‘റീ പോസ്റ്റ്’ ചെയ്ത് നടിയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് ആണ് ഇപ്പോള്‍ ദിലീപിന് എതിരെ പരാതി നല്‍കിയിരിയ്ക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തും എന്ന് ദിലീപ് പറഞ്ഞു എന്നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ ദേഹത്ത് കൈവച്ച പൊലീസ് കാരന്റെ കൈ വെട്ടും എന്ന് ദിലീപ് പറഞ്ഞു എന്ന് എഫ് ഐ ആറിന്‍ പറഞ്ഞിട്ടുണ്ട്.