Entertainment

മാസ്റ്റര്‍ ആമസോണ്‍ പ്രെെമിന്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റര്‍. മെയ് മാസം തീയേറ്ററില്‍ എത്തേണ്ടിയിരുന്ന സിനിമ കൊവിഡും ലോക്ക്ഡൗണും കാരണം വെെകുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രെെം സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ നെറ്റ്ഫ്ല്കിസ് ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ചിത്രം തീയേറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക.

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയൊട്ടാകെ വന്‍ റിലീസിനാണ് ഒരുങ്ങുന്നതെന്നും വിവരമുണ്ട്. ബി4യു മോഷന്‍ പിക്സ് ആണ് ഹിന്ദി പതിപ്പിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ, സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് കാത്തിരിക്കുന്നതെന്ന് എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സ് അറിയിച്ചിരുന്നു. ഒ.ടി.ടി റിലീസിനായി തങ്ങളെ ചില പ്ലാറ്റ്‌ഫോമുകള്‍ ബന്ധപ്പെട്ടിരുന്നെന്നും നിര്‍മാതാക്കള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളും സംവിധായകന്‍ ലോകേഷ് കനകരാജും ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രതീക്ഷയിലിരിക്കെയായിരുന്നു ഒടിടി റിലീസ് വാര്‍ത്തകളെത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.

കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button