Entertainment

തീയേറ്ററിനുള്ളത് തീയേറ്ററിനും ഒടിടിക്കുള്ളത് ഒടിടിക്കും!

കൊവിഡ് പേടിയില്‍ കേരളത്തില്‍ തീയേറ്ററുകള്‍ അടച്ചിട്ട് പത്തുമാസത്തോടടുക്കുകയാണ്. തീയേറ്റര്‍ റിലീസുകള്‍ക്ക് ബദലായി ഡിജിറ്റല്‍ റിലീസ് മലയാളത്തില്‍ വ്യാപകമായിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളൂ. ‘സൂഫിയും സുജാതയും’ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ ആദ്യമായി തീയേറ്റര്‍ റിലീസ് ഇല്ലാതെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നേരിട്ട് റിലീസ് ചെയ്യുന്ന സിനിമയുണ്ടായത്. കൊവിഡ് മഹാമാരി ആഗോള തലത്തിൽ സിനിമാ വ്യവസായത്തെ പ്രധാന വരുമാന സ്രോതസ്സായ തീയേറ്ററിൽ നിന്ന് അകറ്റിയപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച ഏറുകയാണുണ്ടായത്. പക്ഷേ അത് തെന്നിന്ത്യയിൽ 2020-ൽ സിനിമാ മേഖലയിലെ വലിയ വിവാദത്തിന് തന്നെ വഴിവെയ്ക്കുകയുമുണ്ടായി.

ഹോളിവുഡും ബോളിവുഡും അടക്കം മറ്റ് പല ഇൻഡസ്ട്രികളും ഒടിടി റിലീസിനെ സ്വാഗതം ചെയ്തപ്പോള്‍ തെന്നിന്ത്യയില്‍ പ്രതിഷേധമുയരുന്ന സ്ഥിതിയാണ് കാണാനായത്. തമിഴിലും മലയാളത്തിലും ഒടിടി റീലീസിനെതിരെ ചില സിനിമാ സംഘടനകള്‍ രംഗത്തെത്തുകയുമുണ്ടായി. തീയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമകളാണ് ഒടിടിയിൽ വരുന്നതെന്നതിനാൽ തന്നെ തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുുകയുണ്ടായി. മലയാളത്തില്‍ ഡിജിറ്റല്‍ റിലീസിനു തയാറായ നടനും നിർ‍മ്മാതാവുമായ വിജയ് ബാബുവിന് തിയേറ്റര്‍ ഉടമകള്‍ നിരോധനമേര്‍പ്പെടുത്തുന്ന സാഹചര്യമുണ്ടായി. പൊന്മകള്‍ വന്താല്‍ എന്ന സിനിമയുടെ റീലീസിനെ തുടര്‍ന്ന് നടന്‍ സൂര്യയ്ക്കും തമിഴ് നാട്ടിൽ നിരോധനം ഏര്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് തിയേറ്റര്‍ അസോസിയേഷന്‍ മുന്നറിയിപ്പുമുണ്ടായി. എങ്കിലും ‘പൊന്‍മകള്‍ വന്താല്‍’ എന്ന ചിത്രവും ആമസോണിലെത്തി, സൂഫിയും സുജാതയും അതുപോലെതന്നെ റിലീസായി.

Also Read: 2020-ലെ മികച്ച നായക വേഷം ഏത്? ഞെട്ടിച്ച പ്രകടനങ്ങളിലൂടെ!

മലയാളത്തിലെ മുഴുവന്‍ സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമോ എന്ന പേടിയായിരിക്കാം ഒരു പക്ഷേ വിവാദങ്ങൾക്ക് വഴിവെച്ചത്. വിജയ് ബാബു ഇത് തുറന്നു പറയുകയുണ്ടായി, ഇത്തരം തെന്നിദ്ധാരണകൾ മാറണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. നാളുകളായി തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ സൂഫിയും സുജാതയും ഒടിടി റിലീസായതോടെ മറ്റ് പല നിര്‍മ്മാതാക്കളും ഒടിടി റിലീസിന് താല്‍പര്യം കാണിച്ച് വരികയുമുണ്ടായി. എന്നാല്‍ മരക്കാർ‍, വൺ അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നതിനാല്‍ പലരും പിന്മാറി. ഈ സമയത്ത് ചെറിയ സിനിമകൾ മിനി സ്ക്രീനിലും ഒടിടിയിലും റിലീസായി.

ഇത്തവണത്തെ ഓണം റിലീസെല്ലാം അങ്ങനെയായിരുന്നു. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് മിനിസ്‌ക്രീന്‍ വൻ റീലീസായി. സീ യു സൂണ്‍, മണിയറയിലെ അശോകന്‍, ഒരു ഹലാല്‍ ലൗ സ്റ്റോറി ഇവ ഒടിടിയില്‍ എത്തി. ഇനിയും നിരവധി സിനിമകള്‍ ഒടിടി റിലീസിന് പദ്ധതിയിടുന്നുണ്ട്. ഇതിൽ സീ യു സൂൺ പ്രത്യേകം ഒടിടിക്ക് വേണ്ടി തന്നെയെടുത്ത സിനിമയായിരുന്നു. കൊവിഡാനന്തര സിനിമാലോകത്തിന് മലയാളത്തിന്‍റെ സംഭാവനയുമായിരുന്നു.

സിനിമകളുടെ ഒടിടി റിലീസിനെതിരെ കേരളത്തിലെ ഫിലിം ചേമ്പറും തിയേറ്റര്‍ സംഘടനകളും മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ഐനോക്‌സും കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനുമടക്കം പലരും രംഗത്തെത്തുകയുണ്ടായി. ഒടിടി റിലീസ് സിനിമകലുടെ തീയേറ്റര്‍ ഭാവിക്ക് ആശങ്കാജനകമാണെന്നായിരുന്നു ഇവരുടെ അഭിപ്രായം. കൊവിഡ് പ്രതിസന്ധിക്കാലത്ത് തിയേറ്ററുകളെ ഒഴിവാക്കി ഒടിടിയിലൂടെ തങ്ങളുടെ സിനിമകൾ റിലീസ് ചെയ്യാന്‍ തീരുമാനിച്ച നിര്‍മാതാവിന്‍റെ ഭാവി ചിത്രങ്ങളും തിയേറ്ററുകള്‍ക്ക് ആവശ്യമില്ലെന്ന നിലപാടുമായാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) എത്തിയത്.

Also Read: സൂഫി മുതൽ പണിപാളി വരെ!; ഇക്കൊല്ലം മലയാളികൾ ഏറ്റുപാടിയ ഗാനങ്ങൾ ദാ ഇവയാണ്!

എന്നാൽ ചര്‍ച്ചകളിലൂടെ വീണ്ടും വെള്ളി വെളിച്ചം കണ്ടു തുടങ്ങി. കൊവിഡില്‍ തകര്‍ന്നടിഞ്ഞ സിനിമാ നിര്‍മാണ മേഖലയ്ക്ക് പിടിച്ചു കയറാനുള്ള ഒരു കച്ചിത്തുരുമ്പായി മാത്രം ഒടിടി പ്ലാറ്റ്‌ഫോം റിലീസിനെ കണ്ടാൽ മതിയെന്ന നിര്‍മ്മാതാക്കളുടെ നിലപാട് ഏവരേയും ആശ്വസിപ്പിച്ചു. ലോക സിനിമയുടെ തന്നെ ചരിത്രം മാറുന്ന ഈ കാലത്ത് തീയേറ്ററുകൾക്കു വേണ്ടിയും ഒടിടി റിലീസിനുവേണ്ടിയും സിനിമ ഉണ്ടാകുന്നത് നല്ല കാര്യമാണെന്ന നിഗമനത്തിലേക്ക് ഒടുവിൽ ചിലരെങ്കിലും എത്തിച്ചേര്‍ന്നു.

സമീപ ഭാവിയില്‍ കൊവിഡാനന്തര സിനിമ ഇൻഡസ്ട്രിയിൽ ഒടിടി റിലീസുകള്‍ ഏറെ ഉണ്ടാകാനിടയുണ്ട്. തീയേറ്ററുകള്‍ക്കായി വലിയ പടങ്ങളും ഒടിടിക്കായി ചെറു സിനിമകളും ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. മരക്കാര്‍ പോലുള്ള വന്‍ ബജറ്റ് ചിത്രങ്ങള്‍ അടക്കം ഒരുകോടിക്ക് താഴെ ബജറ്റുള്ള ചിത്രങ്ങള്‍ വരെ ഇനി റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുമുണ്ട്. ഇവയ്ക്കിടയിൽ പിടിച്ചു നിൽക്കാൻ ചിലരെങ്കിലും ഡിജിറ്റൽ റിലീസ് മാര്‍ഗ്ഗം തിരഞ്ഞെടുക്കാനാണ് സാധ്യത.

കൊച്ചു സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിൽ പിറക്കട്ടെ. ഇതിനായുള്ള ചര്‍ച്ചകള്‍ പല നിര്‍മ്മാതാക്കളും ഒടിടി പ്ലാറ്റ്‌ഫോം കമ്പനികളുമായി ആരംഭിച്ചതായാണ് വിവരം. കൃത്യമായ വേര്‍തിരിവ് ഇനി സിനിമാ നിര്‍മ്മാണത്തിലും വന്നേക്കാനിടയുണ്ടെന്നതും ശുഭ പ്രതീക്ഷയാണ്. ഒടിടി സ്ട്രീമിംഗിനായി മാത്രം ചിത്രങ്ങള്‍ വരട്ടെ, തീയേറ്ററുകള്‍ക്കായി പണം വാരാൻ വന്‍കിട പടങ്ങളും പിറക്കട്ടെ. കൊവിഡാനന്തരം പലയിടത്തും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തീയേറ്ററുകൾ പല രാജ്യങ്ങളിലും തുറന്നെങ്കിലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന വസ്തുതതയും തള്ളിക്കളയാനാകില്ല.

Also Watch :

ഗിന്നസ് പക്രുവിന്മികച്ച നടനുള്ള പുരസ്‌കാരം

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button