Entertainment

ഇൻ്റർകാസ്റ്റ് ദമ്പതികളുടെ മക്കൾ നേരിടുന്ന വെല്ലുവിളികളുമായി ‘അ​മീ​റാ’; അച്ഛൻ്റെ കഥയിൽ നായികയായി മീനാക്ഷി!

ഇൻ്റർകാസ്റ്റ് ദമ്പതികളുടെ മക്കൾ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും മുഖ്യ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് അമീറ. നടിയും അവതാരകയുമായ മീനാക്ഷിയാണ് അമീറായിൽ നായികയായി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ അച്ഛൻ തന്നെയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മുൻപ് പുറത്ത് വിട്ട മൂന്ന് പോസ്റ്ററുകളും സൈബറിടത്തിൽ ഏറെ വൈറലായി മാറിയിരുന്നു. കൊവിഡ് ഭീഷണിയെ മറികടന്ന് ചിത്രീകരിച്ച ചിത്രങ്ങളിൽ ഒന്നുകൂടിയാണ് അമീറാ. ചിത്രം ഉടന്‍ റിലീസിനെത്തുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

കൊവിഡ് വന്ന് സിനിമ മേഖല നിശ്ചലമായപ്പോഴാണ് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തിരുന്നത്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്.

Also Read: 2020-ലെ മികച്ച നായക വേഷം ഏത്? ഞെട്ടിച്ച പ്രകടനങ്ങളിലൂടെ!

നടി മീനാക്ഷിയും സഹോദരന്‍ ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും എത്തുന്നു. അയ്യപ്പനും കോശിയിലെ കുമാരൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇവര്‍ക്കൊപ്പം കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്‌ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനൂപ് ആര്‍. പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത്.

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസം കൊണ്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കൊവിഡ് മാനദണ്ഡങ്ങളോടെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും അമീറയുടെ ക്രൂവിനു നിരവധി വെല്ലുവിളികാൾ നേരിടേണ്ടി വന്നിരുന്നു. ജിഡബ്ല്യുകെ എന്‍റര്‍ടൈന്‍മെന്‍റ്സും ടീം ഡിസംബര്‍ മിസ്റ്റിന്‍റെയും ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി. പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ സനല്‍ രാജിയാണ്.

Also Read: തീയേറ്ററിനുള്ളത് തീയേറ്ററിനും ഒടിടിക്കുള്ളത് ഒടിടിക്കും!

പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയല്‍ ജോണ്‍സ്, കോസ്റ്റ്യൂം ടി.പി ഫര്‍ഷാന്‍, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് ശേഖര്‍, പി. ശിവപ്രസാദ്ദും സുനിത സുനില്‍ലുമാണ് വാര്‍ത്ത പ്രചരണം.

Ameerah

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button